കൊച്ചി:നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ദിലീപടക്കം ആറ് പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഈ ഓഡിയോ ക്ലിപ്പുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ ഭീഷണി മുഴക്കുന്നതായ സന്ദേശങ്ങളാണ് പുറത്തുവന്നത്. ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
ദിലീപ് പ്രതിയായ കേസ് അന്വേഷിച്ചത് പ്രധാനമായും അഞ്ച് ഉദ്യോഗസ്ഥരായിരുന്നു. ഇവരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാർ നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് അടക്കം ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കേസിൽ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരൻ അനൂപുമാണ്. മൂന്നാം പ്രതി ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ്. നാലാം പ്രതി അപ്പു അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാൾ എന്നാണ് എഫ്.ഐ.ആർ.
പേര് ചേർക്കാത്താത്ത ഈ ആറാം പ്രതിക്കെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച കൊച്ചിയിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Content Highlights: new case registered gainst Dileep