തിരുവനന്തപുരം: കെ. റയിലിന്റെ ബദലായി യു.ഡി.എഫ് ഉയർത്തിക്കാട്ടുന്ന സബർബൻ റെയിൽ റെയിൽവേ തള്ളിക്കളഞ്ഞ പദ്ധതി. 2017ൽ റെയിൽവേ പദ്ധതി തള്ളിയതിന്റെ രേഖ മാതൃഭൂമി ന്യൂസിന് ലഭിച്ചു.
കെ. റെയിലിന്റെ ബദൽ സബർബൻ റെയിലാണെന്ന് കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. 2016 വരെ ഭരിച്ചിരുന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് സബർബൻ റെയിൽ എന്ന ആശയം മുന്നോട്ടുവെക്കുന്നത്. ആദ്യമുണ്ടായിരുന്ന ഹൈസ്പീഡ് റെയിൽ എന്ന ആശയം എതിർപ്പിനെ തുടർന്ന് സബർബൻ റെയിൽ എന്ന ആശയത്തിലേക്കെത്തുകയായിരുന്നു. ഇതിന്റെ സാധ്യതാ പഠനം ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുകയും ചെയ്തു.
10000 കോടി രൂപ ചെലവിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ളറെയിൽ സർവീസായിരുന്നു സബർബൻ റെയിൽ എന്നതുകൊണ്ട് യു.ഡി.എഫ് ഉദ്ദേശിച്ചിരുന്നത്. അതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള റെയിൽ സർവീസ് നിലവിലെ റെയിൽപാതയിലൂടെ തന്നെ നടത്താനായിരുന്നു തീരുമാനം.
ഇത് റെയിൽവേ ബോർഡിന്റെ മുന്നിൽ സമർപ്പിച്ചു. എന്നാൽ കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് 2017 ലാണ് ഇതിനുള്ള റെയിൽവേയുടെ മറുപടി ലഭിക്കുന്നത്. ഈ പദ്ധതി തള്ളിയ റെയിൽവേ നിലവിലുള്ള പാതയിലൂടെ സർവീസ് സാധ്യമല്ലെന്നും വ്യക്തമാക്കി. സബർബൻ റെയിൽ സർവീസ് നടത്തണമെങ്കിൽ പുതിയ പാത നിർമിച്ചോളു എന്ന നിർദേശവും റെയിൽവേ നൽകി.
യു.ഡി.എഫ് പറയുന്ന പോലെ കെ. റയിലിന് ബദലാണ് സബർബൻ റെയിൽ എന്ന കാര്യം റെയിൽവേ അംഗീകരിക്കുന്നില്ല. സബർബൻ റെയിലുമായികേരളം മുന്നോട്ട് പോകുകയാണെങ്കിൽ തന്നെ പുതിയപാത നിർമ്മിക്കേണ്ടിയും വരും. അതുകൊണ്ട് തന്നെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുന്നോട്ട് വെച്ച ഈ പദ്ധതി റെയിൽവേ ബോർഡ് ഇതിനോടകം നിരാകരിച്ചതാണെന്ന് ഈ കത്തിലൂടെ വ്യക്തമാണ്.
Content Highlights :UDF government dropped implementation of the high-speed rail called Suburban Railsimilar to the K-Rail project