ന്യൂഡൽഹി > രാജ്യത്ത് മൂന്നാം വ്യാപനമെന്ന് സ്ഥിരീകരിക്കുംവിധം ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു. 24 മണിക്കൂറിൽ 1,41,986 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേസുകളുടെ എണ്ണത്തില്‍ മുൻദിവസത്തേക്കാൾ 21 ശതമാനം വർധന. തുടർച്ചയായ മൂന്നാം ദിവസമാണ് കോവിഡ് കേസുകൾ ഒരു ലക്ഷം കടക്കുന്നത്. മെയ് 30നുശേഷം ആദ്യമായാണ് ഇത്രയധികം ദിവസ കേസുകൾ.
ഒമിക്രോൺ ബാധിതരുടെ എണ്ണം 3071 ലെത്തി. ഒമിക്രോൺ ബാധിതരിൽ 1203 പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് ആകെ കോവിഡ് കേസുകൾ 3.54 കോടിയിലേറെയായി. ചികിത്സയിലുള്ളവരുടെ എണ്ണം 4.72 ലക്ഷമായി ഉയർന്നു. ഒറ്റ ദിവസത്തിൽ ഒരു ലക്ഷത്തിന്റെ വർധന. കോവിഡ് മരണങ്ങളിൽ കുറവുവന്നിട്ടുണ്ട്. 285 കോവിഡ് മരണമാണ് ശനിയാഴ്ച സ്ഥിരീകരിച്ചത്. തൊട്ടു മുൻദിവസം 302 മരണം രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 534 ആയിരുന്നു കോവിഡ് മരണം. അതേസമയം, രോഗസ്ഥിരീകരണ നിരക്ക് 9.28 ശതമാനമായി ഉയർന്നു. ആഴ്ച അടിസ്ഥാനത്തിലുള്ള രോഗസ്ഥിരീകരണ നിരക്ക് 5.66 ശതമാനമായി. ഡൽഹിയിൽ രണ്ടു ദിവസത്തെ വാരാന്ത്യ കർഫ്യുവിന് തുടക്കമായി. തമിഴ്നാട്ടിൽ ഞായറാഴ്ച സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു.