തിരുവനന്തപുരം > യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡിഎംആർസി തയ്യാറാക്കിയ 1.18 ലക്ഷം കോടിയുടെ അതിവേഗ റെയിൽ പാത പദ്ധതി ഉപേക്ഷിച്ചത് 2018 മാർച്ചിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചശേഷം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി 2013ൽ മുംബൈയിൽ വാർത്താസമ്മേളനം നടത്തിയാണ് 2018ൽ പദ്ധതി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചത്.
ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയോടൊപ്പം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലും പദ്ധതിക്ക് എല്ലാ അനുമതിയും കിട്ടിയതായി അവകാശപ്പെട്ടു. 2013 ഏപ്രിൽ 24ന് തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ഡിഎംആർസി മേധാവി ഇ ശ്രീധരനും പങ്കെടുത്തു. അതിവേഗപാതയുടെ സവിശേഷത വിവരിച്ചതും സംശയങ്ങൾക്ക് വിശദീകരണം നൽകിയതും ശ്രീധരനാണ്. യോഗാനന്തരം ഉമ്മൻചാണ്ടിയുടെ വാർത്താസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. പദ്ധതി തികഞ്ഞ ഉത്സാഹത്തോടെ ഏറ്റെടുക്കുന്നുവെന്ന് ഇ ശ്രീധരൻ കൊച്ചിയിലും പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് 526 കിലോമീറ്റർ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്ക് വിദേശ സഹായം തേടി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ജപ്പാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ പലവട്ടം സന്ദർശിച്ചു. വൻ ധനസഹായം ഉറപ്പ് ലഭിച്ചതായി ശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനിടെ കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെതിരെ ആര്യാടൻ മുഹമ്മദ് അടക്കമുള്ള അന്നത്തെ മന്ത്രിമാർ രംഗത്തെത്തി. ഇതെല്ലാം മറച്ചുവച്ചാണ് ഉമ്മൻചാണ്ടി സിൽവർ ലൈൻ പദ്ധതിക്കെതിരെ രംഗത്ത് വന്നത്.