പോലീസ് യൂണിഫോമിൽ സ്റ്റീൽ ഗ്ലാസിൽ താളമിട്ടും ഡെസ്കിൽ മറുതാളം ഇട്ടും ജാനകീ ജാനേ രാമ എന്ന പാട്ട് സ്വയം മറന്ന് ആസ്വദിച്ച് പാടുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ. കുറച്ചുനാൾ മുമ്പ് സമൂഹമാധ്യമങ്ങൾ വൈറലായ വീഡിയോ ആണിത്. ഗ്ലാസിൽ താളമിട്ട് പാട്ടുപാടുന്നത് എസ്.ഐ. സുരേഷ് കുമാറാണ്. അദ്ദേഹം ഇന്നില്ല. വെള്ളിയാഴ്ച കോൺക്രീറ്റ് മിക്സർ ലോറിയുടെ പിൻഭാഗം സ്കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ സുരേഷ് കുമാർ മരിച്ചു. ഡെസ്കിൽ താളംപിടിച്ചത് അന്ന് എ.എസ്.ഐ. ആയിരുന്ന മണ്ണടിക്കാരൻ ഗോപിനാഥനാണ്. അദ്ദേഹവും ഇന്നില്ല. സർവീസിൽനിന്ന് വിരമിച്ച ഗോപിനാഥൻ ഏറെ വൈകാതെ മരിച്ചു.
അന്നത്തെ വൈറൽ ഗാനം ഇന്ന് കണ്ണു നിറയാതെ പ്രിയപ്പെട്ടവർക്ക് കാണാനാകില്ല. കാക്കിക്കുള്ളിലെ കലാഹൃദയം മാത്രമല്ല. രണ്ട് പ്രിയ സുഹൃത്തുക്കളുടെ സഹപ്രവർത്തകരുടെ ഇഴയടുപ്പവും ആ ഗാനം വൈറലാകാൻ കാരണമായി. കാർക്കശ്യത്തിന്റെയും കണിശതയുടെയും യൂണിഫോമിനുള്ളിലെ സംഗീതജ്ഞർ നാട്ടുകാർക്കും ഒരു കൗതുകമായിരുന്നു.
സുരേഷ്കുമാറിനെക്കുറിച്ചുള്ള ഏത് ഓർമ്മയും സഹപ്രവർത്തകർക്ക് സംഗീതവുമായി ബന്ധപ്പെട്ടുള്ളവയാണ്. ഒഴിവുസമയങ്ങളിൽ വെറുതെയിരിക്കുന്ന സുരേഷ്കുമാറിനെ സഹപ്രവർത്തകരായ പോലീസുകാർ കണ്ടിട്ടില്ല. എപ്പോഴും ഏതെങ്കിലും പാട്ടിന്റെ രണ്ടു വരി അദ്ദേഹത്തിന്റെ ചുണ്ടിലുണ്ടാകും. കൈയ്യിലുള്ള എന്തിലും അദ്ദേഹം താളം കണ്ടെത്തും. സംഗീതവും സുരേഷ് കുമാറും തമ്മിലുള്ള ബന്ധം അങ്ങനെയായിരുന്നു.
ഒരു ഞെട്ടലോടെയാണ് സുരേഷ്കുമാറിന്റെ അപകടമരണവാർത്ത എല്ലാവരും കേട്ടത്. സഹപ്രവർത്തകർ ഓർത്തെടുക്കുന്നതും ഒഴിവുനേരങ്ങളെ മനോഹരമാക്കിയ, സമ്മർദ്ദങ്ങളിലും വിരസതകളിലും മനം നിറച്ച സുരേഷ് കുമാറിന്റെ പാട്ടുകളാണ്.
പത്തു വർഷം മുൻപ് കൊല്ലത്ത് പോലീസ് ഓർക്കസ്ട്ര പ്രവർത്തനം തുടങ്ങുമ്പോൾ മുതൽ പ്രധാന പാട്ടുകാരനായിരുന്നു സുരേഷ്കുമാർ. പുതിയകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനു മുൻപുള്ള ഒരു ദിവസം കൊല്ലം ഈസ്റ്റ് പോലീസാണ് പരിപാടികൾ നടത്തുക. ഗാനമേളകളിൽ താരം സുരേഷ്കുമാറായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ശങ്കരാഭരണത്തിലെ ശങ്കരാ ആയിരുന്നെന്നും പലയിടത്തും കേൾവിക്കാർ ആവശ്യപ്പെട്ട് രണ്ടും മൂന്നും തവണ അദ്ദേഹത്തെക്കൊണ്ട് ഈ പാട്ട് പാടിക്കാറുണ്ടായിരുന്നെന്നും സഹപ്രവർത്തകനും ഏറെനാൾ പോലീസ് ഓർക്കസ്ട്രയിൽ സുരേഷ്കുമാറിനൊപ്പം പ്രധാന പാട്ടുകാരനുമായിരുന്ന വിരമിച്ച എസ്.ഐ. പി.വാസുദേവൻ ഓർക്കുന്നു.
പോലീസിനു പുറത്തും ഒഴിവുസമയങ്ങളിൽ ഗാനമേളകളിൽ പാടാൻ പോകാറുണ്ടായിരുന്നു സുരേഷ്കുമാർ. കോവിഡായതിനാൽ കഴിഞ്ഞ വർഷം കാര്യമായ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. അടച്ചിടൽ കഴിഞ്ഞ് ഉത്സവങ്ങൾ പുനരാരംഭിച്ച് ഒരുപാട് വേദികൾ കാത്തിരിക്കവേയാണ് അപ്രതീക്ഷിത അപകടത്തിൽ പാടിത്തീരാത്ത പാട്ടുപോലെ സുരേഷ്കുമാർ യാത്രയായത്.
കോൺക്രീറ്റ് മിക്സർ വാഹനം സ്കൂട്ടറിൽ തട്ടി എസ്.ഐ.ക്ക് ദാരുണാന്ത്യം
കൊല്ലം: കോൺക്രീറ്റ് മിക്സർ ലോറിയുടെ പിൻഭാഗം സ്കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ എസ്.ഐ. മരിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മുളങ്കാടകം നടയ്ക്കാവീട് പ്രണവത്തിൽ സുരേഷ്കുമാർ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് കൊല്ലം ഇരുമ്പുപാലത്തിനുസമീപമാണ് അപകടം. ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി രാവിലെ പോയ സുരേഷ്, വീട്ടിലെത്തിയശേഷം സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു. പുതിയ പാലം അറ്റകുറ്റപ്പണിക്കായി അടച്ചിരുന്നതിനാൽ, ഇരുമ്പുപാലത്തിൽ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു.
ഹൈസ്കൂൾ ജങ്ഷനിൽനിന്ന് ചിന്നക്കടയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. സ്കൂട്ടറിനെ മറികടക്കുന്നതിനിടയിൽ കോൺക്രീറ്റ് മിക്സർ ലോറിയുടെ പിൻഭാഗം വാഹനത്തിൽ തട്ടി സുരേഷ്കുമാർ നിലത്തു വീണു. ഉടൻതന്നെ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗായകനായ സുരേഷ് ഒട്ടേറെ വേദികളിൽ പാടിയിട്ടുണ്ട്. അപ്പുക്കുട്ടൻ ആചാരിയുടെയും പങ്കജത്തിന്റെയും മകനാണ്. ഭാര്യ: ബിനു. മക്കൾ: ഗായത്രി, പ്രണവ്. സഹോദരങ്ങൾ: സുഷ, സന്തോഷ്. സംസ്കാരം ശനിയാഴ്ച 12-ന് മുളങ്കാടകം ശ്മശാനത്തിൽ.