കോഴിക്കോട്: ട്രാൻസ്ജെൻഡേഴ്സിനെ കേരള പോലീസിന്റെ ഭാഗമാക്കാനുള്ള സംസ്ഥാന സർക്കാർ ശുപാർശ ആ സമൂഹത്തിന്റെ മുഖമുദ്രയെ മാറ്റിമറിക്കുന്നതെന്ന് കവിയും എഴുത്തുകാരിയുമായ വിജയരാജ മല്ലിക. സമൂഹത്തിന് ഈ തീരുമാനം നൽകുന്ന സന്ദേശം വളരെ വലുതാണ്.
ഈ ലോകത്ത് ഏതൊരു കാര്യത്തിനും കഴിവുള്ളവരാണ് ട്രാൻസ്ജെൻഡർ സമൂഹം എന്ന സന്ദേശമാണ് നൽകുന്നത്. ഈ ഭൂമിയിലെ എല്ലാ അധികാരങ്ങൾക്കും അവകാശങ്ങൾക്കും വിധേയരാണ്. അവരുടെ കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്ന സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും അവർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
വിജയരാജ മല്ലിക
വളരെ സന്തോഷമുള്ള തീരുമാനമാണ്. പാർശ്വവത്കരിക്കപ്പെട്ടുവെന്ന് സമൂഹം മുദ്രകുത്തിയ ഒരു സമൂഹത്തിൽ നിന്ന് കേരള പോലീസിലേക്ക് പ്രതിനിധികളുണ്ടാവുകയെന്നത് ആ ഒരു വിഭാഗത്തിന്റേയും പൊതുസമൂഹത്തിന്റേയും ശാക്തീകരണത്തിന് ഉപയോഗപ്പെടും. ട്രാൻസ്ജെൻഡേഴ്സ് എന്ന സമൂഹത്തിന്റെ തന്നെ മുഖമുദ്ര മാറ്റി എഴുതാനും അതിലൂടെ ട്രാൻസ്ജെൻഡർ മനുഷ്യരുടെ സാമൂഹിക സാമ്പത്തിക ബൗദ്ധിക, സൈന്താന്തികതലങ്ങളിൽ വളരെയേറെ ഗുണം ചെയ്യുകയും മുന്നേറ്റത്തിന് സഹായകമാകും എന്നാണ് കരുതുന്നത്.
ട്രാൻസ്ജെൻഡേഴ്സ് സമൂഹം എന്നതിലുപരി പോലീസ് സേനയിലുടനീളം നൽകികൊണ്ടിരിക്കുന്ന പരിശീലനത്തിൽ വലിയ മാറ്റം വരുത്തേണ്ടതുണ്ട്. ജെൻഡർ, സെക്ഷ്വാലിറ്റി എന്നീ വിഷയത്തിൽ നൽകുന്ന ട്രെയിനിങ്ങിൽ വലിയ ആശങ്കകളുണ്ട്. ട്രാൻസ്ജെൻഡേഴ്സ് സമൂഹം പോലീസിലേക്ക് വരുമ്പോൾ അവരുടെ സമൂഹത്തിൽ നിന്ന് വിജയിച്ചവരുടെ കഥകളുൾപ്പെടെ അവതരിപ്പിച്ച് മോട്ടിവേറ്റ് ചെയ്യാൻ കഴിയുന്ന ഒരു സിലബസ് ആയിരിക്കണം.
പോലീസ് എത്രമാത്രം നന്നായി പ്രവർത്തിച്ചാലും അവരുടെ ഭാഗത്ത് നിന്നുള്ള തെറ്റുകൾ വലിയ രീതിയിൽ അടയാളപ്പെടുത്തുന്ന ഒരു കാലമാണ്. അതുകൊണ്ട് തന്നെ അവർക്ക് നൽകുന്ന പരിശീലനത്തിലെ സിലബസിൽ ഒരുപാട് പരിഷ്കരണങ്ങൾ അത്യാവശ്യമാണ്. ട്രാൻസ്ജെൻഡേഴ്സ് കൂടി കടന്ന് വരുമ്പോൾ സിലബസിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നു. ഒരു ട്രാൻസ്ജെൻഡർ എന്ന രീതിയിൽ പൊതുസമൂഹത്തിന് മുന്നിൽ സ്വയം അവതരിപ്പിക്കുന്നത് തന്നെ വലിയ ആശങ്കയോടെയാണ്.
എല്ലാ വിഭാഗത്തിലും കള്ളനാണയങ്ങളുണ്ട്. അത് ആണിലും പെണ്ണിലും ട്രാൻസ്ജെൻഡർ സമൂഹത്തിലും. എന്നാൽ എല്ലാവരും കള്ളനാണയങ്ങളല്ല. ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ട് കേസുകളിൽപ്പെട്ട ആളുകളുണ്ട്. അത്തരം കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്നാണ് കരുതുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ കർശനമായ നിരീക്ഷണമുണ്ടാകുമെന്ന് കരുതുന്നു. ഏതൊക്കെ മേഖലയിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന് പരിശോധിക്കുമ്പോൾ എല്ലാ മേഖലയിലും കഴിവ് തെളിയിക്കാൻ കഴിയുന്ന വലിയ സമൂഹമാണ്.
ഒരാൾ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുമ്പോൾ മാറ്റിനിർത്തപ്പെടുന്ന പ്രവണതയുണ്ട്. അതാണ് പലപ്പോഴും അവരെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഒരു കുടുംബം എന്ന സംവിധാനത്തിൽ മകനോ മകളോ അല്ലെങ്കിൽ പോലും അവരെ ഉൾക്കൊണ്ട് അവരുടേതായ സ്ഥാനം നൽകി വളർത്തിക്കൊണ്ട് വരേണ്ടതുണ്ട്. അതിന് കുടുംബങ്ങൾ ആണോ മുൻകൈ എടുക്കേണ്ടത് അതോ സമൂഹമാണോ എന്ന ചോദ്യമുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിൽ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം വലിയ ഇടപെടലുകളെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ഈ ഒരു വിഷയത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. ഏതൊരു സമൂഹത്തിനും അവരുടെ കഴിവിന് അനുസരിച്ച് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. ജെൻഡർ ഐഡന്റിറ്റി തുറന്ന് പറയുന്നത് മുതൽ പൊതുസമൂഹത്തിന് മുന്നിൽ ഒറ്റപ്പെടുന്ന സാഹചര്യമുണ്ട്. അത്പോലുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ഉതകുന്ന തരത്തിലായിരിക്കണം ബോധവത്കരണം നടക്കേണ്ടത്. ട്രെയ്നിങ്ങും മോട്ടിവേഷനും അതുകൂടി മുന്നിൽക്കണ്ട് വേണം നടത്താൻ.
സമൂഹത്തിന് ഈ തീരുമാനം നൽകുന്ന സന്ദേശം വളരെ വലുതാണ്. ഈ ലോകത്ത് ഏതൊരു കാര്യത്തിനും കഴിവുള്ളവരാണ് ട്രാൻസ്ജെൻഡർ സമൂഹം എന്ന സന്ദേശമാണ് നൽകുന്നത്. ഈ ഭൂമിയിലെ എല്ലാ അധികാരങ്ങൾക്കും അവകാശങ്ങൾക്കും വിധേയരാണ്. അവരുടെ കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്.
റിയ ഇഷ
ഓരോ മേഖലകളിലും ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിന്റെ സാന്നിധ്യം വേണം എന്നാണ് അഭിപ്രായം. എങ്കിൽ മാത്രമേ സമൂഹത്തിന് അവരെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റം കൊണ്ടുവരാൻ കഴിയുകയുള്ളൂ. ലൈംഗികതൊഴിലാളികളായി മാത്രം അവരെ കാണുന്ന സമീപനമാണ്. പലരും നിവൃത്തിക്കേട് കൊണ്ടാണ് ഇത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടുന്നത്. പൊതുസമൂഹത്തോട് അവരെ അംഗീകരിക്കണമെന്ന് മൈക്ക് കെട്ടി പറഞ്ഞിട്ട് കാര്യമില്ല. ഇത്തരം നീക്കങ്ങളിലൂടെ മാത്രമെ പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാൻ കഴിയുകയുള്ളൂ.
പോലീസ് സേനയിലേക്ക് വരുമ്പോൾ സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴിയും. ഏതൊരു മേഖലയിലായാലും ശരി അവരുടെ കഴിവ് പരിഗണിച്ച് വേണം അംഗീകാരം നൽകേണ്ടത്. ഇതിൽ ആശങ്കകളൊന്നും ആവശ്യമില്ല. ഏതൊരു വ്യക്തിയും കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കുമ്പോൾ അതിൽ നന്നായി പ്രവർത്തിക്കുക എന്നതാണ് പ്രധാനം. ഏതൊരു മേഖലിയിലായാലും ശരി ഒരു വ്യക്തിയുടെ ലിംഗമേതെന്നതിനെ ആശ്രയിച്ചാകരുത് അവരെ വിലയിരുത്തേണ്ടത്. പ്രവർത്തികളെ വിലയിരുത്തി വേണം അംഗീകരിക്കേണ്ടത്.
Content Highlights: Reactions on Kerala governments plan to include transgenders in kerala police