കൊച്ചി: നാവിന്റെ രുചിയ്ക്കു വേണ്ടി ശരീരത്തിന്റെ രുചി മറന്നതാണ് ഇന്ന് കാണുന്ന ജീവിതശൈലി രോഗങ്ങൾക്ക് കാരണമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കൊച്ചി ഗിരിനഗറിൽ കൊച്ചി കപ്പൽശാലയും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന ഹരിതഗിരി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പച്ചക്കറിയുടെ കാര്യത്തിൽ സ്വയംപര്യാപ്തതയിലേക്ക് വളരുകയാണ്. വിഷമില്ലാത്ത പച്ചക്കറി ഉത്പാദനത്തിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനാകും. മാതൃഭൂമിയും കൊച്ചിൻ ഷിപ്യാർഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതി പ്രതീക്ഷ നൽകുന്നതാണെന്നും കൃഷിമന്ത്രി കൂട്ടിച്ചേർത്തു.
ഗിരിനഗർ നിവാസികൾക്ക് മന്ത്രി പി.പ്രസാദ് പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നു. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ തുടങ്ങിയവർ സമീപം. ഫോട്ടോ: ഷഹീർ സി.എച്ച്/മാതൃഭൂമി
ഗിരിനഗർ ഭവൻസ് വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അധ്യക്ഷം വഹിച്ചു. സ്വാതന്ത്ര്യ സമരമെന്ന മഹത്തായ ആശയത്തിനൊപ്പം മണ്ണിനും പ്രകൃതിസംരക്ഷണത്തിനും വേണ്ടി പോരാടിയ പാരമ്പര്യവും മാതൃഭൂമിക്ക് ഉണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഗിരിനഗർ-വിദ്യാനഗർ നിവാസികൾ മന്ത്രിയിൽ നിന്നും പച്ചക്കറിത്തൈകൾ ഏറ്റുവാങ്ങി. വിഷമില്ലാത്ത പച്ചക്കറി വീട്ടിൽ തന്നെ ഉത്പാദിപ്പിക്കുക എന്നതാണ് ഹരിതഗിരിയുടെ ലക്ഷ്യം. ഗ്രോ ബാഗിൽ വളമടങ്ങിയ മണ്ണോടുകൂടിയാണ് പച്ചക്കറിത്തൈകൾ നൽകുന്നത്. അതിനാൽ, പ്രത്യേകിച്ച് വളമൊന്നുമിടാതെ പരിപാലനത്തിലൂടെ മാത്രം വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കാനാകും.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയാണ് (വി.എഫ്.പി.സി.കെ.) കൃഷിക്ക് ആവശ്യമായ തൈകൾ നൽകിയത്. ആറിനം പച്ചക്കറി വിത്തുകളാണ് 100 വീടുകളിലേക്ക് നൽകുന്നത്. പദ്ധതിയുടെ ഭാഗമായ വീടുകളിലെ തൈകളുടെ പരിപാലനവും വളർച്ചയും നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘവുമുണ്ട്.
ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. കൊച്ചിൻ ഷിപ്യാർഡ് ചെയർമാൻ മധു എസ്. നായർ, കേരള വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സി.ഇ.ഒ. വി. ശിവരാമകൃഷ്ണൻ, കോർപ്പറേഷൻ കൗൺസിലർ അഞ്ജന രാജേഷ്, സൗത്ത് ഗിരിനഗർ റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ലാലി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
Content Highlights:minister p prasad inaugurate mathrubhumi cochin shipyard harithagiri project in kochi