വനിതയുടെ ഈ ലക്കം വാങ്ങി വായിച്ചത് ഒരു ഐക്യദാർഢ്യ പ്രകടനം പോലെ ആയില്ലേ?
പ്രതിഷേധത്തിന്റെ ഭാഗമായാണ് ഞാൻ ഫേസ്ബുക്കിൽ വനിത വായിക്കുന്ന ഫോട്ടോ ഇട്ടത്. വേറെ ചിലർ അതിനെ വളച്ചൊടിച്ചു. സുഹൃത്തും വഴികാട്ടിയുമായ വനിത ഇങ്ങനെ അധഃപധിച്ചല്ലോ എന്ന സന്ദേശം കൊടുക്കാനാണ് ഞാൻ ഉദ്ദേശിച്ചത്. മറ്റുചിലർ ഞാൻ വനിത വായിക്കുന്ന ചിത്രമെടുത്ത് ഞാൻ ദിലീപിനെ പിന്തുണയ്ക്കുകയാണെന്നും പറഞ്ഞ് ആക്ഷേപിക്കുകയാണ്. കുറ്റവാളിയല്ലെന്ന് അവസാന കോടതി വിധിക്കും വരെ ദിലീപ് കുറ്റം ചെയ്തു എന്ന തോന്നലാണ് എനിക്കുള്ളത്. പുറത്തുവന്ന വിവരങ്ങൾ ചേർത്തു വായിക്കുമ്പോൾ കുറ്റത്തിൽ ദിലീപിന് പങ്കുണ്ടെന്നാണ് തെളിയുന്നത്. നിയമത്തിന്റെ മുന്നിൽ തെളിഞ്ഞാൽ മാത്രമേ അത് പൂർണമാകൂ. സാക്ഷികൾ മൊഴി മാറ്റി പറഞ്ഞതൊക്കെ വെച്ചു നോക്കുമ്പോൾ പകൽ പോലെ വ്യക്തമാണല്ലോ.
സ്ഥിരം വനിത വായിക്കുന്ന ആളാണോ?
പതിറ്റാണ്ടുകളായ വനിതയുടെ വായനക്കാരിയാണ് ഞാൻ. സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രത്യേകിച്ച് സ്ത്രീകളുടെ പ്രചോദനം തരുന്ന ഒരുപാട് ലേഖനങ്ങൾ വനിതയിൽ വായിച്ചിട്ടുണ്ട്. മാതൃകയാക്കാവുന്ന അനേകം സ്ത്രീകളുടെ ജീവചരിത്രവും ദൈനംദിന ജീവിതത്തിലെ പ്രശ്ന പരിഹാരങ്ങളും അടക്കം അനേകം ഉള്ളടക്കങ്ങൾ വനിതയിലുണ്ട്. പക്ഷേ ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല.
വനിത പോലുള്ള ഒരു ദ്വൈവാരിക കേരളത്തെ നടുക്കിയ ഒരു കേസിലെ കുറ്റാരോപിതനെ വെള്ളപൂശാൻ ശ്രമിക്കുമ്പോൾ എന്താണ് തോന്നുന്നത്?
വളരെ അത്ഭുതമാണ് എനിക്കു തോന്നിയത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന് പങ്കുണ്ടെന്ന വിവരം പുറത്ത് വന്നപ്പോൾ ഞെട്ടിപ്പോയി. ഒരിക്കലും അത് പ്രതീക്ഷിക്കുന്നില്ലല്ലോ! അദ്ദേഹം സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളൊക്കെ വെച്ചു നോക്കുമ്പോൾ നമ്മുടെയൊക്കെ മനസിൽ അദ്ദേഹത്തിന് വലിയ സ്ഥാനം ഉണ്ടായിരുന്നു. ഇപ്പോൾ പുറത്തുവന്ന ഓരോരോ കഥകളും ഞെട്ടിക്കുന്നുവെന്ന് പറഞ്ഞാൽ പോര അത് വിവരിക്കണമെങ്കിൽ കഠിനമായ വാക്കുകൾ വേണം.
ഒരുഭാഗത്ത് അങ്ങനെയൊന്നും ആയിരിക്കില്ലെന്ന് പുള്ളിയുടെ വാക്കുകൾ കേൾക്കുമ്പോൾ വിചാരിക്കും. എന്നാൽ അദ്ദേഹത്തിലേക്ക് കേസ് എത്തണമെങ്കിൽ എന്തെങ്കിലും കാര്യം ഉണ്ടാകണമല്ലോയെന്ന് മറിച്ച് ചിന്തിക്കുകയും ചെയ്യും. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള ദിലീപിന്റെ പ്രവർത്തനങ്ങളും ആ നിലയ്ക്കാണ്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും ദിലീപിന്റെ ശബ്ദരേഖകളും അന്ന് നമ്മുടെ മനസിൽ വന്ന കാര്യങ്ങൾ ശരിവെക്കുന്നതാണ്. കോടതി കുറ്റവാളിയെന്നോ കുറ്റവിമുക്തനെന്നോ തെളിയിക്കുന്നിടം വരെ അയാൾ കുറ്റാരോപിതനാണ്. അതുകൊണ്ടുതന്നെ കുറ്റാരോപിതനെ ഇങ്ങനെ വെള്ളപൂശിയത് അനവസരത്തിലായിപ്പോയി. വനിത അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.
വനിത കുറ്റാരോപിതനെ പിന്തുണച്ച നിലയ്ക്ക് മഹിളാ കോൺഗ്രസ് നേതാവ് എന്ന നിലയ്ക്ക് ഇനി ആ വാരിക വാങ്ങി വായിക്കുമോ?
ഒരു ലേഖനത്തിന്റെ പേരിൽ വനിത ബഹിഷ്കരിക്കില്ല. പതിറ്റാണ്ടുകളായി വനിത നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലേ. പത്രങ്ങളിലേയും ചാനലുകളിലേയും ചില വാർത്തകളോട് നമുക്ക് യോജിക്കാൻ കഴിയില്ലല്ലോ. അതിന്റെ പേരിൽ അതിനെ ഇല്ലാതാക്കാൻ പാടില്ലല്ലോ. ഒരു ജനാധിപത്യ രാജ്യത്ത് വിയോജിച്ചുകൊണ്ട് യോജിക്കാലോ. ഈ ഒരു വിഷയത്തിൽ മാത്രമേ എനിക്ക് വനിതയോട് വിയോജിപ്പ് ഉണ്ടായിട്ടുള്ളൂ. ഇത്രയും കാലം എന്നെ പ്രചോദിപ്പിക്കുന്ന ഒരുപാട് വാർത്തകളും ജീവചരിത്രങ്ങളും വനിതയിൽ വന്നിട്ടുണ്ട്. അതുകൊണ്ട് വനിത ഇനിയും വായിക്കും.
ചില ഇടതുപക്ഷ എംഎൽഎമാർ ദിലീപിനെ പിന്തുണച്ചല്ലോ, അവരോട് എന്താണ് പറയാനുള്ളത്?
മുകേഷും ഗണേഷും അട്ടഹസിച്ചുകൊണ്ടല്ലേ ദിലീപിനെ പിന്തുണച്ചത്. അമ്മയുടെ മീറ്റിങ്ങിലൊക്കെ എന്തൊരു അട്ടഹാസം ആയിരുന്നു. മനുഷ്യനാകണം മനുഷ്യത്വം ഉണ്ടാകണം എന്നു മാത്രമേ അവരോട് പറയാനുള്ളൂ.
ദിലീപിനെ പോലീസ് സംരക്ഷിക്കുന്നതായി തോന്നുന്നുണ്ടോ?
ഇത്തരമൊരു കേസിൽ പ്രതിയായ ആൾക്ക് കിട്ടാൻ പാടില്ലാത്ത പല ആനുകൂല്യങ്ങളും ദിലീപിന് കിട്ടിയിട്ടുണ്ട്. പലരും ആരാധന മൂത്താണ് അത് ചെയ്യുന്നത്. അത് പുറത്തു വന്നിട്ടുണ്ടല്ലോ. സാധാരണ ഒരു പൗരനാണ് ഇത്തരമൊരു കേസിൽ പ്രതിയാകുന്നതെങ്കിൽ പോലീസും അധികാര കേന്ദ്രങ്ങളും എങ്ങനെയാണോ അദ്ദേഹത്തെ സമീപിക്കുന്നത് ആ നിലയിൽ അല്ലല്ലോ ദിലീപിനോട് ഉണ്ടായിട്ടുള്ളത്. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന ചൊല്ലാണ് ഓര്‍മ്മ വരുന്നത്.
ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നുണ്ടോ?
മനുഷ്യന് ഇങ്ങനെയൊക്കെ ആകാൻ പറ്റുമോ എന്ന നേരിയ സംശയം മനസിൽ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നല്ലോ. അപ്പോൾ ആ നേരിയ സംശയം പോലും ഇല്ലാതായി.
ഒരു കൊച്ചിന്റെ ആദ്യത്തെ അഭിമുഖമല്ലേ ഇത് എന്നൊക്കെയാണ് ന്യായീകരിക്കുന്നവര്‍ പറയുന്നത്. കുഞ്ഞുങ്ങളോട് സ്നേഹമുണ്ട്. എന്നാൽ കുറ്റാരോപിതനെ കുറ്റവിമുക്തനാക്കുന്നതിനു മുമ്പ് ഇത്തരമൊരു വെള്ളപൂശൽ ആവശ്യമില്ലായിരുന്നു. നടി അനുഭവിച്ച വേദന നോക്കുമ്പോൾ അമ്മ എന്ന സംഘടന അന്നേ പിരിച്ചുവിടേണ്ടതായിരുന്നു. സ്വന്തം കുടുംബത്തിലെ ഒരു അംഗത്തിന് ഇതുപോലൊരു അനുഭവം ഉണ്ടായപ്പോൾ കൂടെ നിക്കാൻ ആരും തയ്യാറായില്ല. കുറ്റവാളിക്ക് സ്വാധീനം ഉണ്ടെങ്കിൽ കുറ്റകൃത്യത്തെ മറക്കുന്ന പ്രവണതയാണ് ഇപ്പോൾ മലയാളി സമൂഹത്തിൽ ഉള്ളത്. കുറ്റകൃത്യത്തിന്റെ കാഠിന്യം നോക്കി വേണം കുറ്റവാളിയോടുള്ള സമീപനം.