ന്യൂഡൽഹി: കോഴിക്കോട്-തൃശ്ശൂർ പാതയിലെ എടപ്പാൾ മേൽപ്പാലം നാടിന് സ്വന്തമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. ഏറെ നാളായി എടപ്പാളിൽ നിലനിന്നിരുന്ന കുരുക്കിനും പൊടിപടലത്തിനും അസ്വസ്ഥതയുടെ ഹോൺ മുഴക്കത്തിനും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പലകാരണങ്ങൾ കൊണ്ട് മുടങ്ങിയിരുന്ന പാലംപണി 14 കോടി ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്. തൃശ്ശൂർ റോഡിൽ മന്ത്രി റിയാസ് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ജനവലിയും വിശിഷ്ടാതിഥികളും പാലത്തിലൂടെ നടന്ന് കുറ്റിപ്പുറം റോഡിലെ പൊതുസമ്മേളനത്തിൽ പങ്കാളികളായി.
പാലം ഉദ്ഘാടനം ജനകീയമാക്കുന്നതിന്റെ ഭാഗമായി എടപ്പാൾ ഓട്ടം ട്രോളി മന്ത്രിമാരും മുൻ മന്ത്രിമാരും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എടപ്പാളിലൂടെ ഇനി തടസ്സങ്ങളില്ലാതെ ഓടാമെന്നാണ് മന്ത്രിമാർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നത്.
മന്ത്രി വി. അബ്ദുറഹ്മാൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി., എം.എൽ.എ.മാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ആർ.ബി.ഡി.സി.കെ. എം.ഡി. എസ്. സുഹാസ്, പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ആനന്ദ സിങ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
കടന്നത് പ്രതിസന്ധികളുടെ പാലം
2015-ൽ എം.എൽ.എ.യായിരുന്ന കെ.ടി. ജലീലാണ് എടപ്പാളിൽ ഗതാഗതക്കുരുക്കിനു പരിഹാരമായി മേൽപ്പാലമെന്ന ആശയം കൊണ്ടുവന്നത്. അന്നത്തെ പൊതുമരാമത്തുവകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അതിന് അനുമതിനൽകി.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സ്പീഡ് 20 പദ്ധതിയിലുൾപ്പെടുത്തിയെങ്കിലും സാമ്പത്തികപ്രതിസന്ധി തിരിച്ചടിയായി. തിരഞ്ഞെടുപ്പും വന്നതോടെ 23 കോടി രൂപയുടെ പാലം പദ്ധതി ഉപേക്ഷിച്ചു. അടുത്ത ഇടതുസർക്കാരിൽ ഡോ. തോമസ് ഐസക്, ജി. സുധാകരൻ, കെ.ടി. ജലീൽ എന്നിവരുടെ ശ്രമഫലമായി പദ്ധതി ഉൾപ്പെടുത്തി. പാലത്തിന്റെ നീളവും വീതിയും കുറച്ച് ടെൻഡർചെയ്തു. തറക്കല്ലിട്ട് പണിതുടങ്ങി. തുടക്കം മുതൽ തടസ്സങ്ങളുടെ വേലിയേറ്റം. കുറ്റിപ്പുറം റോഡിൽ പൈലിങ് തുടങ്ങിയതോടെ കൂറ്റൻ പാറക്കല്ലുകൾ പ്രത്യക്ഷപ്പെട്ടതായിരുന്നു ആദ്യം. അവ മാന്തിയെടുത്ത് പണി തുടങ്ങി. പിന്നീട് വൈദ്യുതത്തൂണുകളും ലൈനുകളും മാറ്റുന്നതിലുള്ള കാലതാമസം വിനയായി. അതു മാറ്റാൻ ശ്രമം തുടങ്ങിയപ്പോൾ അതിനേക്കാൾ വലിയ പ്രതിസന്ധിയായി കോവിഡ്കാലം.
തൊഴിലാളികൾ നാട്ടിൽ പോയി. എല്ലാം മറികടന്ന് പാലം പണി കഴിഞ്ഞു. കുറ്റിപ്പുറം റോഡിലൂടെ വലിയ വാഹനങ്ങൾക്കു വരാൻ തടസ്സമായിരുന്ന കെട്ടിടം പൊളിക്കാത്തതുമൂലമുണ്ടായ പ്രതിസന്ധി വേറെ.
അതും തീർത്ത് ടാറിങ്ങിനൊരുങ്ങിയപ്പോൾ തോരാത്ത മഴ. നവംബർ 26-ന് നിശ്ചയിച്ച ഉദ്ഘാടനംതന്നെ മാറ്റിവെക്കേണ്ടിവന്നു.
Content Highlights : Edappal Flyoverinaugurated byMinister of Public Works of KeralaP. A. Mohammed Riyas