ആലപ്പുഴ: ചുറുചുറുക്കോടെ ഓടിയെത്തുന്ന പെൺകുട്ടി പൊടുന്നനെ വൃക്കരോഗത്തിന്റെ പിടിയിലായതിന്റെ ഞെട്ടലിലാണ് ചേർത്തല സെയ്ന്റ് മൈക്കിൾസ് കോളേജിലെ അധ്യാപകരും സഹപാഠികളും. എം.എസ്സി. കെമിസ്ട്രി രണ്ടാംവർഷ ക്ലാസിലെ ജീനാ തോമസിനെ എങ്ങനെയും പഴയജീവിതത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണവർ.
ശ്വാസംമുട്ടലും തലകറക്കവുമുണ്ടായതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് പ്രശ്നം വൃക്കയുടേതാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ജീനയുടെ രണ്ടു വൃക്കയും തകരാറിലാണെന്നു കണ്ടെത്തി. അടിയന്തരമായി വൃക്ക മാറ്റിവച്ചാലേ ജീനയുടെ ജീവിതം മുന്നോട്ടുപോവുകയുള്ളൂവെന്നു വിദഗ്ധ ഡോക്ടർമാർ അറിയിച്ചു.
രോഗത്തിന്റെ നടുക്കത്തിലായിരുന്ന ജീനയ്ക്ക് എല്ലാ പിന്തുണയുമായി കൂട്ടുകാരെത്തി. വകുപ്പുമേധാവി മനോജ് പരമേശ്വരന്റെ പിന്തുണയുമുണ്ട്. ജീനയ്ക്ക് പഠനത്തിനുള്ള നോട്ടുകളെല്ലാം അദ്ദേഹം എത്തിക്കുന്നുണ്ട്.
ബി.എസ് സി. കഴിഞ്ഞ് ബിഎഡ്. എടുത്ത ജീന മാധ്യമ പ്രവർത്തകയായും അധ്യാപികയായും സ്വരുക്കൂട്ടിയ പണമുപയോഗിച്ചാണു ബിരുദാനന്തര പഠനത്തിനും ചേർന്നത്. അതുകൊണ്ടുതന്നെ കൂട്ടുകാരുടെ ചേച്ചിക്കുട്ടിയാണ് ജീന. ഒ. പോസിറ്റീവ് വൃക്കകിട്ടിയാലേ ശസ്ത്രക്രിയ സാധിക്കൂ.
അമ്മ വൃക്ക നൽകാൻ തയ്യാറായെങ്കിലും പ്രമേഹബാധിതയാതിനാൽ അതെടുക്കാനാവില്ല. കൂട്ടുകാരെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും ഇതിനായി ശ്രമിക്കുകയാണ്. ഭാരിച്ച ചികിത്സാച്ചെലവും ഇതിനുവരും.
ജീനയുടെപേരിൽ ആലപ്പുഴ വാടക്കനാൽ എസ്.ബി.ഐ. ബ്രാഞ്ചിൽ അക്കൗണ്ടുണ്ട്. നമ്പർ-67155425328 IFSC – SBIN0070421 ഫോൺ: 8943805231.
Content Highlights: friends and teachers trying to save jeena`s life