തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ ആലോചനയിൽ ഇല്ലെന്ന് വ്യക്തമാക്കി സർക്കാർ. സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമാക്കും. സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ലാത്തൊരു സാഹചര്യം നിലനിർത്താൻ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സിഎഫ്എൽടിസികടളക്കം പ്രവർത്തന സജ്ജമാക്കാനുള്ള നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്. ജില്ലാ കളക്ടർമാർക്കും ജില്ലാ ആരോഗ്യ മേധാവികൾക്കും ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
വിദേശത്ത് നിന്നു വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയത് കേന്ദ്ര നിർദേശം അനുസരിച്ചാണ്. പൂർണ്ണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. ലോക്ക്ഡൗണിന് സമാനമായ ഒരു നിയന്ത്രണവും ഇപ്പോൾ ആലോചനയിൽ ഇല്ലെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ വിദേശത്തുനിന്ന് എത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. എല്ലാ യാത്രക്കാരും ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻ എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 11 മുതൽ വിദേശരാജ്യങ്ങളിൽനിന്ന് വിവിധ മാർഗങ്ങളിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവർക്കെല്ലാം നിയന്ത്രണങ്ങൾ ബാധകമാണ്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് യാത്രയ്ക്കുമുമ്പും വിമാനത്താവളത്തിൽ എത്തിയശേഷവും കോവിഡ് പരിശോധന വേണ്ടാ. ക്വാറന്റീനിനിടെ കോവിഡ് ലക്ഷണങ്ങളുണ്ടായാൽ മാത്രം പരിശോധിക്കണം.
Content Highlights : Government has made it clear that there is no need for another complete lockdown in the state in the wake of current Covid 19 outbreak