കോഴിക്കോട്: ജനങ്ങളുടെ പ്രതിഷേധം മറികടന്ന് ഒരു പദ്ധതിയും കേരളത്തിൽ നടപ്പാകില്ലെന്ന് കേന്ദ്രമന്ത്രി വി. മരളീധരൻ. കെ-റെയിൽ വിഷയത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് നടക്കുന്നത് ബി.ജെ.പി യുടേയോ കോൺഗ്രസിന്റേയോ സമരമല്ല. ജനകീയ സമരമാണ്. ജനങ്ങൾക്കൊപ്പം ബി.ജെ.പി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈന് പകരം നിലവിലെ റെയിൽവേ സംവിധാനം ശക്തിപ്പെടുത്തും. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതാണ്. റെയിൽവേ വികസനത്തിന് തടസ്സം നിൽക്കുന്നത് സംസ്ഥാന സർക്കാരാണ്. കേന്ദ്ര റയിൽവേ മന്ത്രാലയം പലതവണ സംസ്ഥാന സർക്കാറിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. സംസ്ഥാന സർക്കാർ മറുപടി പോലും നൽകിയിട്ടില്ല.
കെ-റെയിലിൽ ഡി.പി.ആർ പുറത്തുവിടാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രി കെ-റെയിൽ പദ്ധതിയിൽ ആശങ്കപ്പെടുന്നരുമായി ചർച്ച നടത്തുന്നില്ല. ഇപ്പോൾ നടത്തുന്ന വിശദീകരണം സർക്കാറിന്റെ ഔദാര്യം പറ്റുന്നവരോടാണ്. ഇത് നാടകമാണ്. പാർട്ടിയുടെ അഖിലേന്ത്യാ നയം ഇക്കാര്യത്തിൽ എന്താണെന്ന് പി.ബി അംഗമായ മുഖ്യമന്ത്രി വിശദീകരിക്കണം.
വേഗത്തിൽ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ജനങ്ങൾക്ക് വേണം. പക്ഷെ സിൽവർ ലൈൻ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് എന്നാണ് ഇപ്പോൾ മനസിലാകുന്നത്. പദ്ധതി ജനങ്ങൾ അംഗീകരിക്കുന്നില്ല. അതിനാൽ ബിജെപി പദ്ധതിക്ക് എതിരാണ്. പദ്ധതിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി കിട്ടുമോ എന്ന് അറിയില്ലെന്നും മുരളീധരൻ അറിയിച്ചു.
വി.ഡി സതീശന്റെ പ്രതികരണം ശിഖണ്ഡിയുടെ റോളിലുള്ളത്
ചാൻസലർ പദവി ഗവർണർ ഏറ്റടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തുന്ന പ്രതികരണം ശിഖണ്ഡിയുടെ റോളിലുള്ളതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചാൻസലർ പദവി ഏറ്റെടുക്കാത്ത ഗവർണർ രാജിവെക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. ഗവർണർ രാജിവെക്കണമെന്ന് സർക്കാർ പ്രതിപക്ഷത്തിലൂടെ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നും വാർത്താ സമ്മേളനം വിളിച്ച് ഗവർണ്ണറെ ചീത്ത വിളിക്കുന്നത് ഇതിന്റെ ഭാഗമാണ്. കണ്ണൂർ സർവകലാശാല വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെടാത്ത പ്രതിപക്ഷം ഇപ്പോൾ ഗവർണർ രാജിവെക്കണം എന്ന് ആവശ്യപ്പെടുകയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഈ രീതിയിൽ പോയാൽ ബി.ജെ.പി ശക്തിപ്പെടും. സതീശൻ ബി.ജെ.പിയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട. ബി.ജെപിയല്ല കോൺഗ്രസാണ് എടുക്കാച്ചരക്കെന്നും മുരളീധരൻ പരിഹസിച്ചു.
Content Highlights:K-Rail Silverline Union Minister V Muraleedharan