കോട്ടയം: ഭീമമായ ബാധ്യതയും ജനരോഷവുംകണക്കിലെടുത്താണ് യുഡിഎഫ് സർക്കാർ കെറെയിലിന് സമാനമായ അതിവേഗ പാത വേണ്ടെന്ന് വെച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ബജറ്റിൽ കെ-റെയിലിനു സമാനമായ അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുകയും ഡിഎംആർസിയെ കസൾട്ടന്റായി നിയമിക്കുകയും ചെയ്തു. അവർ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കൃത്യമായ ബദൽ നിർദേശം മുന്നോട്ട് വെച്ചാണ് യുഡിഎഫ് കെ റെയിലിനെ എതിർക്കുന്നത്. യുഡിഎഫ് സർക്കാർ തുടക്കമിട്ട സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ 300 ഏക്കർ ഭൂമിയും 10,000 കോടി രൂപയും മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കെ റെയിൽ പദ്ധതിക്ക് 2 ലക്ഷം കോടി രൂപ ചെലവു വരുമ്പോൾ 20000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 1383 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന കെ റെയിലിനെതിരേ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങൾക്കുമുള്ള പരിഹാരമാണ് സബർബൻ റെയിലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2007-08ലെ ബജറ്റിൽ കെ റെയിലിനു സമാനമായ അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുകയും ഡിഎംആർസിയെ കസൾട്ടന്റായി നിയമിക്കുകയും ചെയ്തു. അവർ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. എന്നാൽ 1.27 കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരേ ഉണ്ടായ ജനരോഷവും പരിഗണിച്ച് യുഡിഎഫ് വേണ്ടെന്നു വച്ചു.
തുടർന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ സബർബൻ പദ്ധതി പരിഗണിച്ചത്. 1943 കോടി രൂപയ്ക്ക് ചെങ്ങൂർവരെയുള്ള 125 കിമീ ആണ് പൈലറ്റ് പദ്ധതിയായി ആദ്യം എടുത്തത്. അതിന് 70 ഏക്കർ സ്ഥലം മതി. നിലവിലുള്ള ലൈനുകളിൽക്കൂടി മാത്രമാണ് സബർബൻ ഓടുന്നത്. ചെങ്ങന്നൂർ വരെ ഇരട്ടപ്പാത ഉണ്ടായിരുന്നതുകൊണ്ടും ശബരിമലയുടെ പ്രാധാന്യം ഉൾക്കൊണ്ടുമാണ് പൈലറ്റ് പദ്ധതി ഏറ്റെടുത്തത്. എല്ലാ അനുമതിയും ലഭിച്ചാൽ 3 വർഷംകൊണ്ട് പദ്ധതി നടപ്പാക്കാനാകും. നിലവിലുള്ള സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവർത്തുക, പ്ലാറ്റ്ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയാണ് പ്രധാന ജോലികൾ.
ഇതോടെ നിലവിലുള്ള ട്രെയിനുകളുടെ വേഗത വർധിക്കുന്നതോടൊപ്പം ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കിമീ വേഗതയിൽ ഓടിക്കുവാനും കഴിയും. പൈലറ്റ് പദ്ധതിക്കുശേഷം കണ്ണൂർ വരെ ഘട്ടംഘട്ടമായി പൂർത്തിയാക്കാനായിരുന്നു പരിപാടി. 125 കി.മീറ്ററിന് 1943 കോടി രൂപ വച്ച് 530 കിമീ പൂർത്തിയാക്കാൻ പതിനായിരം കോടിയോളം രൂപയും 75 ഏക്കർ വച്ച് സ്ഥലമെടുപ്പ് കൂട്ടിയാൽ 300 ഏക്കറോളം സ്ഥലവും മതി. യുഡിഎഫ് സർക്കാർ ഇതിനായി റെയിൽവെയുമായി ചേർന്ന് കമ്പനി രജിസ്റ്റർ ചെയ്തു. 2014ൽ കേന്ദ്രഭരണം മാറിയതോടെ അവരുടെ പിന്തുണ കുറഞ്ഞു.
പിണറായി സർക്കാരിന്റെ കാലത്താണ് അതിവേഗ റെയിലിലിന്റെ അന്തിമ റിപ്പോർട്ട് മെട്രോമാൻ ഇ. ശ്രീധരൻ നല്കിയത്. എന്നാൽ വിഎസ് സർക്കാരിന്റെ അതിവേഗ റെയിലും യുഡിഎഫ് സർക്കാരിന്റെ സബർബൻ റെയിലും ഒഴിവാക്കിയാണ് പിണറായി സർക്കാർ കെ റെയിലിന്റെ പിന്നാലെ പോയത്. വൻകിട പദ്ധതികൾക്കോ, വികസനത്തിനോ യുഡിഎഫ് ഒരിക്കലും എതിരല്ല. അതിന്റെ കുത്തകാവകാശം സിപിഎമ്മിനാണ്. മാറിയ പരിസ്ഥിതിയിൽ കേരളത്തെ തകർക്കുന്ന പദ്ധതി വരുകയും ബദൽ സാധ്യതകൾ തേടാതിരിക്കുകയും ചെയ്യുമ്പോൾ അതിനെ ജനങ്ങളോടൊപ്പം ചേർന്നു നിന്ന് പ്രതിരോധിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.