തിരുവനന്തപുരം > തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലെ അർഹരായവർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്ഷുറന്സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന് നടക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് അറിയിച്ചു.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പൂർണ്ണമായും സർക്കാർ ധനസഹായത്താൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കുമായി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് ‘അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി’. അപകടമരണങ്ങൾക്കും പൂർണ അവശതയ്ക്കും 10 ലക്ഷം രൂപയാണ് ധനസഹായം.
പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ മുഖേനയാണ് പദ്ധതി നടപ്പാക്കി വരുന്നത്. വിവിധങ്ങളായ കാരണങ്ങളാൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാവുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലെ അർഹരായവർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ കഴിയുന്ന തരത്തിൽ ഇൻഷുറൻസ് കമ്പനികളുമായി അദാലത്ത് നടത്തുവാൻ നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.
തെക്കന് ജില്ലകളിലെ അര്ഹരായവര്ക്ക് വേണ്ടി തിരുവനന്തപുരത്ത് വച്ചു ഡിസംബര് 28 ന് നടത്തിയ ഒന്നാം ഘട്ട അദാലത്തില് പരിഗണനയ്ക്ക് വന്ന 145 അപേക്ഷകളില് 89 എണ്ണവും തീര്പ്പാക്കിയിരുന്നു. ബാക്കിയുള്ളവ ഉദ്യോഗസ്ഥ തല അദാലത്തുകളിൽ തീർപ്പാക്കുവാൻ നിർദ്ദേശം നൽകി. 8.50 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് അന്ന് അനുവദിച്ചത്.