ചെന്നൈ> പോരാട്ടത്തിന്റെ കഥ പറഞ്ഞ സൂര്യ ചിത്രം ജയ് ഭീമിന്റെ അണിയറ പ്രവര്ത്തകരേയും യഥാര്ഥ പോരാളികളേയും ആദരിച്ച് സിപിഐ എം. പിന്തിരിപ്പന് ശക്തികള് ബഹിഷ്കരണാഹ്വാനം മുഴക്കിയാലും സമാന്തര സിനിമകള്ക്കൊപ്പം സിപിഐ എം നിലകൊള്ളുമെന്ന് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന് പറഞ്ഞു.
രാജാക്കണ്ണായി വേഷമിട്ട കെ മണ്ണികണ്ഠനും ചടങ്ങില് പങ്കെടുത്തു
രാജ്യത്തെ വര്ഗീയ ശക്തികളെ പരാജയപ്പെടുത്തണമെന്ന് സിനിമയുടെ സംവിധായകന് ജഞാനവേലും വ്യക്തമാക്കി. ചെന്നൈ രാജാ അണ്ണാമലൈ ഫോറത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കമ്യൂണിസ്റ്റ് പോരാട്ടം ചിത്രീകരിക്കാനുള്ള ലക്ഷ്യം തനിക്കുണ്ടായിരുന്നില്ലെന്ന് ജ്ഞാനവേല് പ്രസംഗത്തില് പറഞ്ഞു. ‘തൊണ്ണൂറുകളില് ഗൂഡല്ലൂരിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിച്ചു. 13 സംഭവങ്ങളുടെ വിശദാംശങ്ങള് തയ്യാറാക്കി.ഈ 13 സംഭവങ്ങളിലും കമ്യൂണിസ്റ്റ് പാര്ട്ടിയാണ് ഇരകള്ക്ക് വേണ്ടി പോരാടിയതെന്ന് മനസിലാക്കാനായി’-അദ്ദേഹം കൂട്ടിച്ചേര്ത്തു. പൊളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണന്, പി സമ്പത്ത്, യു വാസുകി എന്നിവരും പരിപാടിയില് പങ്കെടുത്തു.
രാജാക്കണ്ണിന്റെ ഭാര്യ പാര്വതി അമ്മാളിനെ ആദരിക്കുന്നു
ഗൂഡല്ലൂര് ജില്ലയിലെ കമ്മപുരം പൊലീസ് സ്റ്റേഷനില് രാജക്കണ്ണ് എന്ന ആദിവാസി ഇരുളര് വിഭാഗത്തില് പെട്ട യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവം ജ്ഞാനവേല് സിനിമയാക്കുകയായിരുന്നു.