കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പൾസർ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് പുറത്തുവിട്ടതെന്ന് അമ്മ ശോഭന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞു. ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞതായും അവർ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.
ഗൂഢാലോചനയിൽ ദിലീപിനെ കൂടാതെ സിനിമാരംഗത്തെ മറ്റുചിലർക്കും പങ്കുണ്ടെന്ന് കത്തിൽ പറഞ്ഞിരുന്നു. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ കത്ത് പുറത്തുവിടുന്നതെന്നും ശോഭന പറഞ്ഞു.
2018 മെയ് മാസം ഏഴാം തീയതിയാണ് പൾസർ സുനി കോടതിയിൽവെച്ച് ഈ കത്ത് അമ്മ ശോഭനയ്ക്ക് കൈമാറുന്നത്. സഹതടവുകാരനായ വിജീഷ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അത്ആത്മഹത്യയാണോ കൊലപാതകശ്രമമാണോ എന്ന കാര്യത്തിൽ സംശയം തോന്നിയെന്നുംതന്റെ മകനെയും അപായപ്പെടുത്തുമെന്ന ഭയം കാരണമാണ് ഇപ്പോൾ കത്ത് പുറത്തുവിടുന്നതെന്നും സുനിയുടെ അമ്മ പറയുന്നു.
ക്രിസ്മസിന് മുൻപ് പൾസർ സുനിയെ ജയിലിൽ അമ്മ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കത്ത് പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്. കൊച്ചി അബാദ് പ്ലാസയിൽ നടന്ന ഗൂഢാലോചനയിൽ മറ്റ് ചില സിനിമാക്കാർക്കും പങ്കുണ്ടെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. കത്തിന്റെ ആധികാരികത പരിശോധിക്കാനായി കത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
രണ്ട് പേജുള്ള കത്തിൽ കേസിന്റെ ഭാഗമായി പല ഗുരുതരമായ വെളിപ്പെടുത്തലുകളും ഉണ്ട്. വരും ദിവസങ്ങളിൽ കത്തിലെ ഉള്ളടക്കത്തെ പറ്റിയുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
Content Highlights:done everything as dileep said says pulsar suni letter to mother revealed