ഹൈദരാബാദ് > മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നിക്ഷേപക സംഗമ പരിപാടി വെള്ളിയാഴ്ച ഹൈദരാബാദില്‍ നടക്കും. ഐടി, ഫാർമസ്യൂട്ടിക്കൽസ്, ബയോ ടെക്നോളജി മേഖലകളിൽ കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കും. കേരളത്തിന്റെ വിവിധ മേഖലകളിലെ വ്യവസായ അന്തരീക്ഷവും സാധ്യതകളും ചർച്ചയിൽ വിശദീകരിക്കും.
സിഐഐ, ക്രെഡായി, ഐടി, ഫാർമസ്യൂട്ടിക്കൽ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വ്യവസായ മേഖലയിലെ നിയമപരിഷ്കരണങ്ങൾ, ഡിജിറ്റൽവൽക്കരണം, നടപടി ക്രമങ്ങളിലെ ലളിതവൽക്കരണം തുടങ്ങിയവ അവതരിപ്പിക്കും.
വൈകിട്ട് 5ന് ഹൈദരാബാദിലെ ഹോട്ടൽ പാർക്ക് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഇൻഡസ്ട്രിസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, കേരള ടൂറിസം ഡയറക്ടർ കൃഷ്ണ തേജ മൈലവരപ്പ് തുടങ്ങിയവർ പങ്കെടുക്കും.