ന്യൂഡൽഹി
കാൺപുരിൽ മിഷണറീസ് ഓഫ് ചാരിറ്റി (എംസി)യുടെ ശിശുഭവൻ 53 വർഷമായി പ്രവർത്തിച്ചുവന്ന സ്ഥലവും കെട്ടിടവും കേന്ദ്രസർക്കാർ ഒഴിപ്പിച്ചെന്ന് പരാതി. കന്റോൺമെന്റിലെ വസ്തു ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസാണ് (ഡിഇഒ) ഒഴിപ്പിച്ചത്.
എംസി സ്വകാര്യവ്യക്തിയിൽനിന്ന് വിലയ്ക്ക് വാങ്ങിയസ്ഥലം 2019ൽ പാട്ടക്കാലാവധി കഴിഞ്ഞെന്ന് കാണിച്ചാണ് കേന്ദ്രം ഒഴിപ്പിച്ചതെന്ന് ഇന്ത്യൻ കാത്തലിക് ഫോറം വ്യക്തമാക്കി. രണ്ടുവർഷം ‘അനധികൃതമായി’ കൈവശം വച്ചതിന് രണ്ട് കോടി രൂപ പിഴ ഒടുക്കണമെന്നും ആവശ്യപ്പെട്ടു.
വിദേശസംഭാവന സ്വീകരിക്കുന്നതിലടക്കം കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ എംസിക്ക് പണം കണ്ടെത്തുക ദുഷ്കരമായി. പ്രവർത്തകർ കേന്ദ്ര–- ഉത്തർപ്രദേശ് സർക്കാരുകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, മൂന്നിന് എംസി കെട്ടിടം ഒഴിഞ്ഞു. ഇവിടെയുണ്ടായിരുന്ന 11 കുഞ്ഞുങ്ങളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. കൂടുതലും ഭിന്നശേഷിക്കാരാണ്. ശിശുഭവൻ ഇതിനകം ആയിരത്തി അഞ്ഞൂറോളം കുഞ്ഞുങ്ങളെ നിയമപരമായി ദത്ത് നൽകിയിട്ടുണ്ട്. പാവങ്ങളിൽ പാവങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരെ കേന്ദ്രം വേട്ടയാടുകയാണെന്ന് കാത്തലിക് ഫോറം കൺവീനർ ചോട്ടേഭായ് പറഞ്ഞു.