തിരുവനന്തപുരം
കുടുംബശ്രീ ത്രിതല സംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച തുടങ്ങും. 2,91,837 അയൽക്കൂട്ടം ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണ് ആദ്യം. 13 വരെയുള്ള ആദ്യഘട്ടം അയൽക്കൂട്ടങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന, സാമൂഹ്യവികസന, അടിസ്ഥാനസൗകര്യ വികസന ഉപസമിതികളുടെ കൺവീനർമാരടക്കം അഞ്ചംഗ ഭരണസമിതിയെ തെരഞ്ഞെടുക്കും. അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച അയൽക്കൂട്ടങ്ങളുടെ ഭാരവാഹി തെരഞ്ഞെടുപ്പും നടത്തും.
16 മുതൽ 21 വരെ രണ്ടാംഘട്ടത്തിൽ 19,489 ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (എഡിഎസ്)കളിലേക്കും 25നു മൂന്നാംഘട്ടത്തിൽ 1069 കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സിഡിഎസ്)കളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. പുതിയ ഭാരവാഹികൾ 26നു ചുമതലയേൽക്കും. കലക്ടർമാർക്കാണ് തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല. എല്ലാ സിഡിഎസിലും ഒരു വരണാധികാരിയും ഉപവരണാധികാരിയുമാണ് തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുക.