കോഴിക്കോട്
സിൽവർ ലൈനിനെതിരായ കോൺഗ്രസ് സമരം അക്രമത്തിൽ കലാശിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം). ആശങ്ക ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്ന് മുഖപത്രം “സുപ്രഭാത’ത്തിലെ മുഖപ്രസംഗത്തിൽ സമസ്ത ആവശ്യപ്പെട്ടു. സംശയമുള്ളവ ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകണം. കെ റെയിൽ ഉപേക്ഷിക്കില്ലെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ ധവളപത്രം ഇറക്കുന്നത് ഉചിതമാകും. പദ്ധതി നാടിന്റെ ആവശ്യമാണെന്ന് ഇതിലൂടെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയേണ്ടതുണ്ടെന്നും സമസ്ത നിർദേശിക്കുന്നു.
പദ്ധതിയുടെ സർവേക്കല്ല് പിഴുതെറിയുമെന്നും യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നുമുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന മുൻനിർത്തിയാണ് സമസ്ത ആശങ്ക രേഖപ്പെടുത്തിയത്. ഇത്തരമൊരവസ്ഥ തീർച്ചയായും കേരളത്തിന്റെ ക്രമസമാധാനനിലയെ ഗുരുതരമായി ബാധിക്കും. കോൺഗ്രസ് പ്രവർത്തകരും പദ്ധതിയെ എതിർക്കുന്നവരും കെപിസിസി പ്രസിഡന്റ് പറഞ്ഞതുപോലെ യുദ്ധസന്നാഹവുമായി തെരുവിലിറങ്ങിയാൽ അക്രമത്തിലാകും കലാശിക്കുക –-‘കെ റെയിൽ : സംഘർഷവും ആശങ്കയും ഒഴിവാക്കണം’ എന്ന മുഖപ്രസംഗത്തിൽ പറയുന്നു. കോൺഗ്രസും മുസ്ലിംലീഗും പൂർണമായി എതിർക്കുന്ന കെ റെയിൽ പദ്ധതിയ്ക്ക് സമസ്ത എതിരല്ലെന്ന് സൂചിപ്പിക്കുന്നതാണ് മുഖപ്രസംഗം.