തിരുവനന്തപുരം
എറണാകുളം– -ഷൊർണൂർ റൂട്ടിൽ മൂന്നാംപാത നിർമിക്കാനുള്ള പദ്ധതി അപ്രായോഗികമെന്ന് റെയിൽവേ. പലയിടത്തും ഇത് പ്രായോഗികമല്ലെന്ന് അന്തിമ ലൊക്കേഷൻ സർവേയിൽ കണ്ടെത്തി. നിലവിലെ സ്റ്റേഷനിൽനിന്ന് ഏറെ ദൂരം മാറിയേ പാത നിർമിക്കാനാകൂ. സ്റ്റേഷനുമായി ഇത് ബന്ധിപ്പിക്കാനാകില്ല. പുതിയ സ്റ്റേഷൻ നിർമിക്കാനുമാകില്ല. പണം മുടക്കിയാലും യാത്രക്കാർക്ക് പ്രയോജനമില്ലാത്ത പാത വേണ്ടെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.
20 വർഷമായി റെയിൽവേയുടെ പരിഗണനയിലുള്ള വിഷയമാണിത്. 2018–-19 ലെ ബജറ്റിലാണ് 1000 കോടി രുപ മുടക്കി ഷൊർണൂർ–-എറണാകുളം റൂട്ടിൽ മൂന്നാമതൊരു പാതയ്ക്കുള്ള നടപടി വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ചത്. അതിൽത്തന്നെയാണ് നേമം കോച്ചിങ് സെന്ററിന് 67 കോടിയും കൊല്ലം മെമുഷെഡിന് 14 കോടിയും വകയിരുത്തിയത്. മെമുഷെഡ് മാത്രമാണ് പണി തുടങ്ങിയത്. ഷൊർണൂർ–-എറണാകുളം മൂന്നാംപാതയുടെ അവസാന സർവേ കഴിഞ്ഞപ്പോഴേക്കും ചെലവ് 1500 കോടിയിലെത്തുമെന്നും കണക്കാക്കിയിരുന്നു.
1902 ലാണ് ഷൊർണൂർ–-കൊച്ചി ഹാർബർ മീറ്റർഗേജ് പാത സ്ഥാപിച്ചത്. 36 വർഷത്തിനുശേഷം ബ്രോഡ്ഗേജാക്കിയ ഈ 84 കി.മീ. പാത ഇരട്ടിപ്പിച്ചത് അരനൂറ്റാണ്ടിനു ശേഷമാണ്. വീണ്ടും 12 വർഷമെടുത്തു വൈദ്യുതീകരണത്തിന്.