മലപ്പുറം
‘സെന്റിന് അമ്പതിനായിരംപോലും കിട്ടില്ലെന്നായിരുന്നു പ്രചാരണം. അങ്ങനെയാണ് സമരത്തിനിറങ്ങിയത്. എന്നാൽ, സർക്കാർ ഞങ്ങളെ അമ്പരപ്പിച്ചു. എനിക്കും സഹോദരങ്ങൾക്കുമായി 2.62 കോടി രൂപ നഷ്ടപരിഹാരം കിട്ടി. കുടുംബസ്വത്തായ 18 സെന്റും ഇരുനില കെട്ടിടവുമാണ് വിട്ടുനൽകിയത്. ജനങ്ങളെ സമരത്തിന് ഇളക്കിവിട്ടവരും തുക വാങ്ങി. ഇപ്പോൾ എല്ലാവരും സന്തുഷ്ടരാണ്’–- ദേശീയപാത സ്ഥലമേറ്റെടുക്കലിനെതിരായ സമരത്തിൽ പങ്കെടുത്ത മുസ്ലിംലീഗ് തിരൂരങ്ങാടി നഗരസഭാ പന്ത്രണ്ടാം വാർഡ് പ്രസിഡന്റ് കക്കാട് ഒറ്റത്തിങ്ങൽ ബഷീർ അഹമ്മദി (ബാവ)ന്റെ വാക്കുകൾ സർക്കാർ ഇടപെടലിനുള്ള സാക്ഷ്യപത്രമാണ്.
ദേശീയപാത വികസനത്തിനെതിരെ ഏറ്റവും വലിയ സമരവേദിയായിരുന്നു എ ആർ നഗർ പഞ്ചായത്തിലെ തലപ്പാറ അരീത്തോട്. സ്ഥലവും വീടും നഷ്ടമാകുമെന്ന് കരുതി സമരത്തിനിറങ്ങിയവരെ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഹൈജാക്ക് ചെയ്തു. സമരത്തെ വർഗീയവൽക്കരിക്കാനും ശ്രമംനടന്നു.
‘ഞാനും അനുജനുമെല്ലാം സമരത്തിൽ പങ്കെടുത്തിരുന്നു. സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും പണം നൽകുകയുംചെയ്തതോടെ എല്ലാം കെട്ടടങ്ങി. രേഖകൾ നൽകിയവർക്കെല്ലാം വളരെ വേഗം പണം കിട്ടി. കക്കാട് ഭാഗത്ത് സെന്റിന് 7.63 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിച്ചത്–- ബഷീർ അഹമ്മദ് പറഞ്ഞു.
വിതരണംചെയ്തത് 2821 കോടി
മലപ്പുറത്ത് ദേശീയപാത വികസനത്തിന് 203 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. 164 ഹെക്ടർ സ്വകാര്യഭൂമി. അതിൽ 136 ഹെക്ടറും ഏറ്റെടുത്തു. നഷ്ടപരിഹാരത്തിന് 3635 കോടി രൂപയാണ് അനുവദിച്ചത്. 2821 കോടി രൂപ വിതരണംചെയ്തു. കേസുള്ള സ്ഥലം മാത്രമാണ് ഏറ്റെടുക്കാനുള്ളത്. കൃത്യമായി രേഖ ഹാജരാക്കാത്തവർക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ല.