കോട്ടയം
ജനക്കൂട്ടത്തിനിടയിലൂടെ ആ പിഞ്ചോമനയെ വാരിപ്പിടിച്ച് പൊലീസുകാരൻ അമ്മയ്ക്കരികിലേക്ക് ഓടി. ആശ്വാസത്തിന്റെയും ആവേശത്തിന്റെയും ഉച്ചസ്ഥായിയിൽ ചിലർ സല്യൂട്ടടിച്ചു, ചിലർ ഹർഷാരവം മുഴക്കി. പാതി ജീവൻ നിലച്ചുനിന്ന ആ അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങിയതും എല്ലാവരും വിതുമ്പി. ആശ്വാസത്തിന്റെ ആനന്ദക്കണ്ണീർ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് വ്യാഴാഴ്ച നാടകീയ സംഭവം അരങ്ങേറിയത്. വണ്ടിപ്പെരിയാർ വലിയത്തറയിൽ ശ്രീജിത്ത്–- അശ്വതി(22) ദമ്പതികളുടെ രണ്ടു ദിവസമായ പെൺകുഞ്ഞിനെ നേഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് തട്ടിക്കൊണ്ടുപോയത്. പകൽ 3.20നായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് മിനിറ്റുകൾക്കുള്ളിൽ സമീപത്തെ ഹോട്ടലിൽനിന്ന് കുട്ടിയെ കണ്ടെത്തി. കുഞ്ഞിനെ തട്ടിയെടുത്ത തിരുവല്ല പല്ലാടത്തിൽ സുധീഭവനത്തിൽ ആർ നീതുരാജിനെ പിടികൂടി. . തട്ടിക്കൊണ്ടുപോകലിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഡിവൈഎസ്പി സന്തോഷ് കുമാർ പറഞ്ഞു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവിവരമറിഞ്ഞ് മന്ത്രി വി എൻ വാസവൻ ആശുപത്രിയിലെത്തി.
നീതു എത്തിയത് നഴ്സിന്റെ വേഷത്തിൽ
നിറവ്യത്യാസമുള്ളതിനാൽ പരിശോധിക്കണമെന്നും പറഞ്ഞാണ് നഴ്സിന്റെ വേഷത്തിലെത്തിയ തട്ടിപ്പുകാരി ഗൈനക്കോളജി ജനറൽ വാർഡിൽ നിന്നും കുഞ്ഞിനെ കടത്തിയത്. കുഞ്ഞിനെ തിരികെ ലഭിക്കാത്തതിനാൽ അമ്മയും ബന്ധുക്കളും അധികൃതരോട് തിരക്കി. അപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ വിവരം പുറത്തറിയുന്നത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ആശുപത്രിയിലും സമീപത്തും തിരച്ചിൽ നടത്തി. ഇതിനിടെ ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന്റെ ഉടമ സാബു കുഞ്ഞിനെ കണ്ടതായുള്ള വിവരം കൈമാറി.
പാഞ്ഞെത്തിയ പൊലീസ് സംഘം സ്ത്രീയെ പിടികൂടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. നീതുരാജ് ഐടി ജീവനക്കാരിയാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം ഏഴു വയസുള്ള മകനും ഉണ്ടായിരുന്നു. തിരുവല്ല സ്വദേശിനിയായ ഇവർ കളമശ്ശേരിയിൽ ഒരു ഫ്ളാറ്റിലാണ് താമസിക്കുന്നത്. രണ്ടു ദിവസമായി സ്ത്രീ ആശുപത്രിയിൽ ഉണ്ടായിരുന്നതായി കൂട്ടിരിപ്പുകാർ പറഞ്ഞു.