ന്യൂഡൽഹി
ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് ഒറ്റദിവസം രോഗികളുടെ എണ്ണം വീണ്ടും ലക്ഷം കടന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലും ബംഗാളിലും രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. വ്യാഴാഴ്ച മുംബൈയിൽ 20181 രോഗികള്‍,ഡൽഹിയിൽ 15097, കർണാടകം 5031 ,തമിഴ്നാട് 6983, ഗുജറാത്ത് 4213 രോഗികള്‍. ജൂൺ ആറിന് 100636 രോഗികള്‍ റിപ്പോർട്ടു ചെയ്ത ശേഷം ഒറ്റദിവസം രോഗസംഖ്യ ലക്ഷം കടക്കുന്നത് ആദ്യം. കേന്ദ്രം പുറത്തുവിട്ട കണക്ക് പ്രകാരം ബുധനാഴ്ച രാജ്യത്ത് 90,928 രോഗികള്‍, 325 മരണം. ആകെ മരണം 4.83 ലക്ഷമായി. രോഗികളുടെ എണ്ണത്തില്‍ ഒറ്റദിവസം 56 ശതമാനം വർധന. ചികിത്സയിലുള്ളവർ 2.85 ലക്ഷത്തിലേറെ. 495 പേരിൽക്കൂടി ഒമിക്രോൺ സാന്നിധ്യം കണ്ടെത്തി. ആകെ ഒമിക്രോൺ ബാധിതർ 2630 ആയി. മഹാരാഷ്ട്രയിലാണ് ഒമിക്രോൺ കൂടുതൽ–- 797. ഡൽഹി–- 465, രാജസ്ഥാൻ–- 236, കർണാടകം–- 226, ഗുജറാത്ത്–- 204, തമിഴ്നാട്–- 121.
ഡൽഹിയിൽ ജനിതകശ്രേണീകരണത്തിന് അയക്കുന്നവയിൽ 60 ശതമാനത്തിലും ഒമിക്രോൺ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. മഹാരാഷ്ട്രയിൽ പരിശോധനയ്ക്ക് അയക്കുന്ന സാമ്പിളുകളിൽ 55 ശതമാനവും ഒമിക്രോണാണെന്ന് തെളിഞ്ഞതോടെ ജനിതകശ്രേണീകരണത്തിന് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഹൈദരാബാദിൽ സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളിൽ എഴുപത് ശതമാനവും ഒമിക്രോണ്‍.
ബംഗാളിൽ രോഗസ്ഥിരീകരണ നിരക്ക് 23.17ഉം മരണ നിരക്ക് 1.18ഉം ശതമാനമായി. ഡൽഹിയിൽ ഹോട്ടലുകൾ വീണ്ടും കോവിഡ് കേന്ദ്രങ്ങളാക്കാൻ നീക്കം തുടങ്ങി. ഡൽഹിയിൽ ആറു ദിവസത്തിനിടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തിൽ 145 ശതമാനം വർധന.
യുപിയടക്കം
9 സംസ്ഥാനത്തിന്
കത്തയച്ച് കേന്ദ്രം
കോവിഡ് വ്യാപനം വീണ്ടും തീവ്രമായിട്ടും പരിശോധന കൂട്ടാത്ത ഉത്തർപ്രദേശ് അടക്കം ഒമ്പത് സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ കത്തയച്ചു. കേസുകൾ കൂടുകയും രോഗസ്ഥിരീകരണ നിരക്ക് വർധിക്കുകയും ചെയ്തിട്ടും പരിശോധന കൂട്ടാത്തത് ആശങ്കാജനകമാണെന്ന് കത്തിൽ വ്യക്തമാക്കി.
യുപിക്കു പുറമെ തമിഴ്നാട്, പഞ്ചാബ്, ഒഡിഷ, ഉത്തരാഖണ്ഡ്, മിസോറം, മേഘാലയ, ബിഹാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ ജമ്മു–-കശ്മീരിനുമാണ് ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ആരതി അഹൂജ കത്തയച്ചത്.
തെരഞ്ഞെടുപ്പ് കമീഷന് വിവരങ്ങൾ കൈമാറി
ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിലവിലെ കോവിഡ് വ്യാപന സാഹചര്യം കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ തെരഞ്ഞെടുപ്പ് കമീഷനെ ധരിപ്പിച്ചു. വ്യാഴാഴ്ച കമീഷൻ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് സാഹചര്യം വിശദീകരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിക്കും ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാറിനും കോവിഡ് സ്ഥിരീകരിച്ചു.
ഇറ്റലിയില്‍നിന്ന് വിമാനത്തില്‍ എത്തിയ
125 പേര്‍ക്ക് കോവിഡ്
ഇറ്റലിയിലെ മിലാനിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ പഞ്ചാബിലെ അമൃത്സറിൽ എത്തിയ 125 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 160 യാത്രക്കാരിലാണ് പരിശോധന നടത്തിയത്. 19 കുട്ടികളെ പരിശോധനയിൽനിന്ന് ഒഴിവാക്കി. പോർച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്ലാന്റിക് എയർവേയ്സിന്റേതാണ് വിമാനം.