കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് വ്യക്തിപരമായ ലക്ഷ്യത്തോടെയെന്ന് പോലീസ്. കളമശ്ശേരി സ്വദേശിനി നീതുവാണ് നവജാതശിശുവിനെ അമ്മയുടെ പക്കൽനിന്ന് തട്ടിയെടുത്തത്. നീതുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യക്തിപരമായ ലക്ഷ്യത്തോടെയാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് കോട്ടയം എസ്.പി ഡി. ശിൽപ വ്യക്തമാക്കി. പോലീസ് ഉണർന്ന് പ്രവർത്തിച്ചതിനാലാണ് കുട്ടിയെ കണ്ടെത്താനായതെന്നും എസ്.പി. കൂട്ടിച്ചേർത്തു.
കുട്ടിയെ കാണാനില്ല എന്ന വിവരം ലഭിച്ചതോടെ വണ്ടികളും ഹോട്ടലുകളും പരിശോധിക്കാൻ നിർദേശം നൽകിയിരുന്നു. അതേത്തുടർന്ന് സമീപത്തെ ലോഡ്ജിൽനിന്ന് ഒരു സ്ത്രീ കുഞ്ഞിനെ കൊണ്ടുവന്നു എന്നുള്ള ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു.
ഇവിടെ എത്തിയ പോലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി യുവതിയെ അറസ്റ്റ് ചെയ്തു. വ്യക്തിപരമായ കാരണത്താലാണ് ഇവർ ഇത് ചെയ്തത് എന്നാണ് പോലീസിനോട് പറഞ്ഞത്. കൂടുതൽ പരിശോധനകൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ഡി. ശിൽപ പറഞ്ഞു.
അതേസമയം കേസിൽ ഒരാളെ കൂടെ പോലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് സ്വദേശി ഇബ്രാഹിം ബാദുഷ എന്നയാളാണ് പിടിയിലായത്. നീതുവിനെ പല സമയത്തും സഹായിച്ചത് ഇയാളാണ് എന്നാണ് പോലീസ് പറയുന്നത്. ഇയാളെ എറണാകുളത്ത് നിന്നും കോട്ടയത്ത് കൊണ്ടുവരും. നീതു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Content Highlights: Kottayam Medical college child missing case