കോഴിക്കോട്: കെ റെയിൽ പാക്കേജുകളും സമരങ്ങളുമെല്ലാം വലിയ ചർച്ചയാവുകയാണ് കേരളത്തിൽ. നേരിട്ട് ഇരകളാക്കപ്പെടുന്നവരും, പാരിസ്ഥിതിക വിഷയമുന്നയിക്കുന്നവരുമെല്ലാം ഒരു ഭാഗത്തുണ്ട്. ചിലരൊക്കെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജിൽ മതിമറന്നവരുമാണ്. എന്നാൽ കെ റെയിൽ പാക്കേജുകളിൽ പോലും ഉൾപ്പെടാത്ത ആരും ചർച്ചയാക്കപ്പെടാത്ത ചിലർ കൂടിയുണ്ട്. കെ റെയിലിന്റെ ബഫർസോണിൽ ഉൾപ്പെടുന്നവർ. നേരിട്ട് ഇരകളാവുന്നവരേക്കാൾ കൂടുതൽ പാതി കൊന്നിട്ടപോലെ ബാക്കിയാവുന്ന ലക്ഷക്കണക്കിനാളുകളാണ് കെ റെയിലിന്റെ ബഫർസോണിൽ പെടുന്നത്. ഇത്രയധികം ആളുകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചും നടക്കാത്ത കാര്യമാണ്. ഇതോടെ കെ റെയിൽ വിരുദ്ധ സമരസമിതിക്കൊപ്പം ബഫർസോണുകാരും സമരത്തിനിറങ്ങാനിരിക്കുമ്പോൾ പരിഹാരം കാണുകയെന്നതാണ് സർക്കാരിന് മുന്നിലെ വലിയ വെല്ലുവിളി
എന്താണ് ബഫർസോൺ
………………………………………………
കെ റെയിലിന് ഏറ്റവും കുറഞ്ഞത് 100 മീറ്റർ പരിധിയിലെങ്കിലും താമസിക്കുന്നവരാണ് ബഫർസോണുകളിൽ ഉൾപ്പെടുന്നവർ. പദ്ധതിയിൽ റെയിൽ പോവുന്ന സ്ഥലങ്ങൾക്കും സ്ഥാപനങ്ങൾക്കുമെല്ലാമാണ് കഴിഞ്ഞ ദിവസം സർക്കാർ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചത്. എന്നാൽ ഈ നൂറ് മീറ്റർ പരിധിക്കാർ ചർച്ചയിൽ പോലും വരുന്നില്ല. പദ്ധതി വരുമ്പോൾ ബഫർസോണായി പ്രഖ്യാപിക്കപ്പെടുന്ന തങ്ങളുടെ ഭൂമി അപ്പാടെ മരവിച്ച് പോവുമെന്നതാണ് ഇവിടേയുള്ള ജനങ്ങൾ ഉന്നയിക്കുന്ന പ്രധാന കാര്യം. നിർമാണ പ്രവർത്തനം നടത്താനോ നവീകരണ പ്രവർത്തനം നടത്താനോ ഭൂമിയിൽ ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്താനോ സാധിക്കില്ല.
ഇന്ത്യൻ റെയിൽവേ ഒരു മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ പോവുന്ന തീവണ്ടിക്ക് റെയിൽവേ നിയമപ്രകാരം മുപ്പത് മീറ്ററാണ് ബഫർസോണായി പ്രഖ്യാപിച്ചത്. എന്നാൽ മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിൽ സ്പീഡിൽ പോവുന്ന കെ റെയിലിന് ബഫർസോണായി 5 മീറ്റർ മതിയെന്നാണ് പറയുന്നത്. ഇത് എങ്ങനെ വിശ്വസിക്കാനാവുമെന്ന് ചോദിക്കുന്നു കോഴിക്കോട് നടക്കാവിലെ കെ.റെയലിന്റെ ബഫർസോണിലെ ഷീജയെന്ന താമസക്കാരി. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ റിപ്പോർട്ട് പ്രകാരം 250 മീറ്ററാണ് ബഫർസോൺ. അങ്ങനെയാവുമ്പോൾ കെ റെയിലിന് ഏറ്റവും കുറഞ്ഞത് 100 മീറ്ററെങ്കിലും വേണമെന്നതാണ് യഥാർഥ്യം. അത് പറയാതെ അഞ്ച് മീറ്റർ പത്ത് മീറ്റർ എന്ന് പറഞ്ഞ് പറ്റിക്കാൻ നോക്കുകയാണെന്നും ഷീജ ചൂണ്ടിക്കാട്ടുന്നു.
ഭൂമിയുടെ വിപണിമൂല്യത്തിലെ ആശങ്ക
ഭൂമി വിട്ടുകൊടുക്കുന്നവർക്ക് വിപണി മൂല്യം അനുസരിച്ച് നഷ്ടപരിഹാരം അതിന്റെ രണ്ടിരട്ടി നൽകുമെന്നാണ് സർക്കാർ പാക്കേജിൽ പ്രഖ്യാപിച്ചത്. എന്നാൽ ഇതിൽ തന്നെ ആശങ്കയുണ്ടെന്ന് പറയുന്നു ഇരയാകുന്നവർ. സർക്കാർ നിശ്ചയിക്കുന്ന വിപണി മൂല്യമാണ് പാക്കേജിൽ പറയുന്നത്. ഇത് യഥാർഥത്തിൽ ഭൂമി വിൽപ്പന നടക്കുന്നതിന്റെ പകുതിയോളം പോലും വരുന്നില്ല എന്നതാണ് സത്യമെന്ന് ചൂണ്ടിക്കാട്ടുന്നു കോഴിക്കോട്ട് നടക്കാവിലെ ബഫർസോണിലെ ബിജിത്ത് എന്ന മറ്റൊരു താമസക്കാരൻ. ഇങ്ങനെ ഈ മാർക്കറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഒഴിഞ്ഞ് പോവാൻ പറയുമ്പോൾ ആ പണത്തിന് എവിടെ ഭൂമികിട്ടുമെന്നും ഇവർ ചോദിക്കുന്നു. ഇതൊക്കെ പാക്കേജിൽ ഉൾപ്പെടുന്നവർക്ക് മാത്രം ബാധകമായതാണ്.പക്ഷ ബഫർസോണുകാർ ചർച്ചയിലേയില്ല. കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളാണ് കെ.റെയലിന്റെ ബഫർസോണിൽ പെടുന്നത്. എന്നാൽ ഇവർക്കൊന്നും ഞങ്ങൾ ബഫർസോണിലാണ് ഉൾപ്പെടുന്നത് എന്ന് ഇപ്പോഴും അറിയില്ല. യഥാർഥത്തിൽ കെ.റെയിലിന്റെ ഏറ്റവും പ്രധാന ഇരകൾ ഈ മേഖലയിൽ പെടുന്നവരായിരിക്കുമെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. കെ.റെയിൽ സമരക്കാർ പക്കേജുകൾ അംഗീകരിക്കില്ലെന്നും സമരവുമായി മുന്നോട്ട് പോവുമെന്നും പ്രഖ്യാപിക്കുമ്പോൾ ഇവരോടൊപ്പം ചേർന്ന് സമരം ശക്തമാക്കുമെന്ന് പറയുന്നു ബഫർസോണിലെ താമസക്കാരും.
Content Highlights : K Rail Buffer Zone