ജൊഹന്നാസ്ബർഗ്
വാണ്ടറേഴ്സിൽ ഇന്ന് വിധിയെഴുത്ത്. ജയത്തിന് ഇന്ത്യ എട്ട് വിക്കറ്റിനും ദക്ഷിണാഫ്രിക്ക 122 റണ്ണിനും അകലെ. കളി പിടിച്ചാൽ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നേടും. ഓരോ ദിനവും ഗതിമാറുന്ന പിച്ചിൽ ഇന്ത്യ ഉയർത്തിയ 240 റൺ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മൂന്നാംദിനം 2–-118ന് അവസാനിപ്പിച്ചു. ക്യാപ്റ്റൻ ഡീൻ എൽഗറും (46) റാസി വാൻഡെർ ദുസെനുമാണ് (11) ക്രീസിൽ. നാലാംദിനം തുടക്കത്തിൽ പേസർമാർക്ക് ലഭിക്കുന്ന ആനുകൂല്യത്തിലാണ് ഇന്ത്യയുടെ കണ്ണ്. ദക്ഷിണാഫ്രിക്കയാകട്ടെ കരുതലോടെ ബാറ്റേന്തിയാൽ ജയം നേടാമെന്ന ആത്മവിശ്വാസത്തിലും. സ്കോർ: ഇന്ത്യ 202, 266 ദ. ആഫ്രിക്ക 229, 2–-118.
മൂന്നാംദിനം രണ്ടാം ഇന്നിങ്സിൽ രണ്ടിന് 85 എന്നനിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ പരിചയസമ്പന്നരായ ചേതേശ്വർ പൂജാരയും (53) അജിൻക്യ രഹാനെയും (58) കാത്തു. മൂന്നാംവിക്കറ്റിൽ ഇരുവരും ചേർത്ത 111 റൺ നിർണായകമായി. ഇരുവരും മടങ്ങിയതോടെ ഇന്ത്യ വിയർത്തു. ഋഷഭ് പന്ത് റണ്ണെടുക്കാതെ മടങ്ങി. ശാർദൂൽ ഠാക്കൂർ 24 പന്തിൽ 28 റണ്ണടിച്ചു. ഹനുമ വിഹാരിയുടെ (40*) ഒറ്റയാൻ പോരാട്ടം ഇന്ത്യയെ 266ൽ എത്തിച്ചു.
മറുപടിയിൽ പതറാതെയാണ് ദക്ഷിണാഫ്രിക്ക ബാറ്റ് വീശിയത്. ഐദെൻ മാർക്രത്തെയും (31) കീഗൻ പീറ്റേഴ്സണെയുമാണ് (28) അവർക്ക് നഷ്ടമായത്.