മൂഡബിദ്രി (മംഗളൂരു)
അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ അത്ലറ്റിക് മീറ്റിൽ കേരളത്തിന് ആശ്വാസമായി ആകാശ് എം വർഗീസിന്റെ വെങ്കലം. ട്രിപ്പിൾജമ്പിൽ 15.49 മീറ്റർ ചാടിയാണ് കോട്ടയം എംജി സർവകലാശാലാ താരത്തിന്റെ നേട്ടം. കോതമംഗലം എംഎ കോളേജ് ബിഎ ഇംഗ്ലീഷ് വിദ്യാർഥിയായ ആകാശ്, ചങ്ങനാശേരി മലയിൽ വർഗീസ് ജോണിന്റെയും സുരേഖയുടെയും മകനാണ്. എം എ ജോർജാണ് പരിശീലകൻ.
മുംബൈ സർവകലാശാലയിലെ കൃഷ്ണ സിങ് (15.84 മീറ്റർ) സ്വർണവും ഭാരതിദാസൻ സർവകലാശാലയിലെ ടി സെൽവപ്രഭു (15.73 മീറ്റർ) വെള്ളിയും നേടി.
മീറ്റിന്റെ രണ്ടാംദിനം രണ്ട് റെക്കോഡുകളുണ്ടായി. 1500 മീറ്ററിൽ അമൃത്സർ ഗുരുനാനാക് സർവകലാശാലയുടെ ഹരീന്ദർ കുമാറും (3:43.97) 20,000 മീറ്റർ നടത്തത്തിൽ പഞ്ചാബി സർവകലാശാലയുടെ അക്ഷ്ദ്വീപ് സിങ്ങും (1:26:09) മീറ്റ് റെക്കോഡോടെ സ്വർണം നേടി. നൂറു മീറ്ററിൽ പൊന്നണിഞ്ഞ് ബംഗളൂരു സർവകലാശാലയുടെ ശശികാന്ത് വേഗമേറിയ താരമായി (10.47). ഭുവനേശ്വർ കിറ്റ് സർവകലാശാലയിലെ അംലൻ ബോർഹൈയിൻ (10.50) വെള്ളിയും ഭാരതീയാറിലെ തമിളരസു (10.51) വെങ്കലവും നേടി.
400 മീറ്ററിൽ ചരൺസിങ് സർവകലാശാലയിലെ നിധിൻകുമാറിനാണ് സ്വർണം. ഹൈജമ്പിൽ പഞ്ചാബിലെ ലൗലി സർവകലാശാലയിലെ കൗസ്തുഭ ജെയ്സ് (2.11 മീറ്റർ) ഒന്നാമതെത്തി. ഷോട്ട്പുട്ടിൽ മംഗളൂരു സർവകലാശാലയിലെ വനം ശർമ (18.03 മീ.) സ്വർണം നേടി. ഇന്ന് നാല് ഫൈനലുകളാണ്. പോൾവോൾട്ടിൽ ഫൈനലിൽ എത്തിയ എംജിയുടെ ഗോഡ്വിൻ ഡാമിയാൻ, എം കെ സിദ്ധാർഥ, 5000 മീറ്ററിൽ അനന്ത്കൃഷ്ണ എന്നിവർ മെഡൽപ്രതീക്ഷയിലാണ്.