തിരുവനന്തപുരം
നിറയെ സ്നേഹിച്ച ഹൃദയവും തൊട്ടുണർത്തിയ കൈകളും പകുത്തുനൽകിയ കരളും നോക്കി വളർത്തിയ കണ്ണുകളുമുൾപ്പെടെ അച്ഛന്റെ അവയവങ്ങൾ ഗീതുവും നീതുവും കൈമാറിയപ്പോൾ അത് ഏഴുപേർക്ക് പുതുജീവനായി. കൊല്ലം കിളികൊല്ലൂർ ചെമ്പ്രാപ്പിള്ള തൊടിയിൽ എസ് വിനോദിന്റെ (54) എട്ട് അവയവങ്ങളാണ് ഏഴുപേർക്കായി കൈമാറിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആദ്യ മൾട്ടി ഓർഗൻ റിട്രീവലിലൂടെ ഹൃദയം, കൈകൾ, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം നൽകിയത്.
കഴിഞ്ഞ വ്യാഴം പകൽ പന്ത്രണ്ടോടെ സ്വകാര്യ ബസിടിച്ചാണ് ബൈക്ക് യാത്രക്കാരനായ വിനോദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വ രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. വിദേശത്തുള്ള മകൾ ഗീതു അർബുദരോഗത്തിന് ചികിത്സയിലാണ്. അതിനിടെയാണ് അച്ഛന്റെ വിയോഗവും. അവയവങ്ങൾ കൊണ്ടുപോകുമ്പോൾ ഒരുനോക്കുകാണാൻ ഭാര്യ സുജാതയും മകൾ നീതുവും മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. എന്നാൽ ആ കാഴ്ച കാണാൻ കെൽപ്പില്ലാതെ അവർ മടങ്ങി.
ഹൃദയം ചെന്നൈ എം ജി എം ആശുപത്രിയിലും കൈകൾ എറണാകുളം അമൃതയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലുമുള്ള രോഗികൾക്കാണ് കൈമാറുക. മന്ത്രി വീണാജോർജ്, മെഡിക്കൽ കോളേജ് ട്രാൻസ്പ്ലാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ. അനിൽ സത്യദാസ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.