കൊല്ലം: സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉൾപ്പെടെ നാല് പേർക്കെതിരേ കേസ്. മുൻമന്ത്രി ആർ.എസ്. ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. ആർ.എസ്. ഉണ്ണിയുടെ ചെറുമക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പോലീസാണ് കേസെടുത്തത്.
ആർ.എസ്.പിയുടെ മുതിർന്ന നേതാവ് കൂടിയായിരുന്നആർ.എസ്. ഉണ്ണിയുടെ പേരിലുള്ള സ്വത്ത് എൻ.കെ. പ്രേമചന്ദ്രൻ പ്രസിഡന്റായ ആർ.എസ്. ഉണ്ണി ഫൗണ്ടേഷൻ തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കേസിൽ പ്രേമചന്ദ്രൻ രണ്ടാം പ്രതിയാണ്. ആർ.എസ്.പി. നേതാവ് കെ.പി. ഉണ്ണികൃഷ്ണനാണ് ഒന്നാം പ്രതി. മറ്റു രണ്ട് പ്രതികളും ആർ.എസ്.പി. പ്രാദേശിക നേതാക്കളാണ്.
ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആർ.എസ്. ഉണ്ണിയുടെ കുടുംബവീടും സമീപമുള്ള 11 സെന്റ് സ്ഥലവും തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു ചെറുമക്കളുടെ ആരോപണം. കൃത്യമായ രേഖകൾ കാണിച്ചിട്ട് പോലും കെ.പി. ഉണ്ണികൃഷ്ണൻ സംഘടനയുടെ ആസ്ഥാനം അവിടെനിന്നും മാറ്റാൻ തയ്യാറായില്ലെന്നും വീട്ടിലേക്ക് കയറ്റിയില്ലെന്നും ചെറുമക്കളുടെ പരാതിയിൽ പറഞ്ഞിരുന്നു.
അതേസമയം കുട്ടികളുടെ പേരിലുള്ള വസ്തു തന്നെയാണിതെന്നും ഒരുകാരണവശാലും അവർക്കെതിരേ നിൽക്കില്ലെന്നും വിഷയത്തിൽ നേരത്തെ എൻ.കെ. പ്രേമചന്ദ്രൻ പ്രതികരിച്ചിരുന്നു.
content highlights:Case registered against NK Premachandran MP