തിരുവനന്തപുരം
ഒമിക്രോണിനൊപ്പം ഫ്രാൻസിൽ കോവിഡിന്റെ ഇഹു വകഭേദംകൂടി കണ്ടെത്തിയെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധർ. “ലോകാരോഗ്യ സംഘടന വേരിയന്റ് ഓഫ് കൺസേൺ ആയിട്ടുപോലും പരിഗണിക്കാത്ത വകഭേദമാണ് ഇഹു. നിലവിൽ ആശങ്കപ്പെടേണ്ടതില്ല’–- സംസ്ഥാന കോവിഡ് വിദഗ്ധസമിതി അധ്യക്ഷൻ ഡോ. ബി ഇക്ബാൽ പറഞ്ഞു.
ഒമിക്രോണിനും മുമ്പ് നവംബർ മധ്യത്തോടെ ഫ്രാൻസിൽ ഇഹു സ്ഥിരീകരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബി.1.640.2 എന്നാണ് വകഭേദത്തിന്റെ പേര്. ഫ്രാൻസിലെ മെഡിറ്റെറെയ്ൻ ഇൻഫക്ഷൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐഎച്ച്യു) സംഘമാണ് കണ്ടെത്തി ഇഹു എന്ന പേര് നൽകിയത്. നിലവിൽ വൈറസിന്റെ ജനിതകരേഖയിൽ നാൽപ്പത്താറോളം ജനിതക വ്യതിയാനവും കണ്ടെത്തിയിട്ടുണ്ട്. ഒമിക്രോണിൽ ഇത് 30 ആയിരുന്നു. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളെപ്പോലെ ഇഹു ഗുരുതരമാണോയെന്ന് തെളിയിക്കപ്പെടാത്തതിനാൽ ലോകാരോഗ്യസംഘടന കോവിഡ് വകഭേദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഉൾപ്പെടുത്തിയാൽ ഗ്രീക്ക് അക്ഷരമാലയിൽനിന്ന് പുതിയ പേര് നൽകും
കോവിഡ് കൂടുന്നു
ആശങ്കയായി സംസ്ഥാനത്തും കോവിഡ് രോഗികളിൽ വർധന. ബുധനാഴ്ച 4801 പേർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളത്ത് പ്രതിദിനരോഗികൾ ആയിരം കടന്നു. 1081 പേർക്കാണ് ഇവിടെ രോഗം. ചൊവ്വ 3640 പേരും തിങ്കൾ 2560 പേരുമാണ് രോഗബാധിതരായത്. 1813 പേരാണ് ബുധനാഴ്ച രോഗമുക്തരായത്. ഇതോടെ നിലവിലെ രോഗബാധിതർ 22,910 ആയി. ഇതിൽ ഒമ്പത് ശതമാനം പേർ ആശുപത്രിയിലാണ്.
71,098 സാമ്പിളാണ് പരിശോധിച്ചത്. 29 മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. അപ്പീൽ നൽകിയ 229 ഉൾപ്പെടെ ആകെ കോവിഡ് മരണം 48,895 ആയി. അഞ്ച് തദ്ദേശ പ്രദേശങ്ങളിലെ ആറ് വാർഡുകളിൽ രോഗീ ജനസംഖ്യ വാരാനുപാതം 10ന് മുകളിലാണ്.