തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കെ-റെയിലിനെതിരേ രൂക്ഷ വിമർശനം. ജനങ്ങളെ സർക്കാരിന് എതിരാക്കരുതെന്നും കല്ലിടലുമായി മുന്നോട്ടുപോകുന്നത് പ്രകോപനപരമാണെന്നുമാണ് വിമർശനമുണ്ടായത്. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ സംസ്ഥാനഎക്സിക്യൂട്ടീവിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പദ്ധതിക്കെതിരേയുള്ള വിമർശനം.
കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ നേരത്തെ വിശദമായ ചർച്ച നടന്നിരുന്നു. ഇതിലെ തീരുമാനങ്ങളും ചർച്ചയുടെ സംക്ഷിപ്തരൂപവുമാണ് മുല്ലക്കര രത്നാകരൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തെ അറിയിച്ചത്.
കല്ലിടൽ ധൃതിപിടിച്ചുള്ള തീരുമാനമാണെന്നും ഇത് പ്രകോപനപരമായ നീക്കമാണെന്നും മുല്ലക്കര ചൂണ്ടിക്കാണിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം പദ്ധതിയുമായി മുന്നോട്ടുപോകാൻ. ഇല്ലെങ്കിൽ ഒപ്പം നിൽക്കുന്ന ജനവിഭാഗത്തിന്റെ എതിർപ്പ് നേരിടേണ്ടിവരുമെന്നുമാണ് കൊല്ലം ജില്ലാ കമ്മിറ്റിലുണ്ടായ ചർച്ചയെന്ന് മുല്ലക്കര രത്നാകരൻ യോഗത്തിൽ അറിയിച്ചു.
വികസന പ്രവർത്തനങ്ങളിൽ ഇത്ര ധൃതിപിടിച്ചുള്ള സമീപനം പാടില്ല. ഇങ്ങനെ പോയാൽ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിയില്ലെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിമർശനമെന്നും മുല്ലക്കര യോഗത്തെ അറിയിച്ചു.
അതേസമയം, പെട്ടെന്ന് നടക്കുന്ന പദ്ധതിയല്ല കെ-റെയിലെന്നും സുദീർഘമായ പ്രക്രിയയിലൂടെയായിരിക്കും പദ്ധതി നിലവിൽ വരുകയെന്നും സിപിഐസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിൽ മറുപടി നൽകി. ചാടിക്കയറി എതിർക്കുന്നതിൽ കാര്യമില്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. ആശങ്കകൾ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കണമെന്ന ആവശ്യം ഇപ്പോൾ കണക്കിലെടുക്കേണ്ടതില്ലെന്നും കാനം മറുപടി നൽകി.
content highlights:CPI State Executive Criticize K-Rail project