തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്ത് കേസിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുൻപ് തന്നെ എം.ശിവശങ്കരനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തു കൊണ്ടുവരുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരൻ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയിയിട്ടുമില്ല. അങ്ങനെ പ്രതിയായി നിൽക്കുന്ന ഒരാളെയാണ് തിടുക്കത്തിൽ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് റിപ്പോർട്ട് എഴുതി വാങ്ങി സർവ്വീസിൽ തിരിച്ചെടുക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കോടതി തീർപ്പ് കല്പിക്കുന്നതിന് മുൻപ് തന്നെ സർക്കാർ പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. ഇതുവഴി എന്തു സന്ദേശമാണ് നൽകുന്നത്? രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സർക്കാർ ഒപ്പമുണ്ടെന്നല്ലേ? കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേ? ചെന്നിത്തല ചോദിക്കുന്നു. സംസ്ഥാന സർക്കാരിന് വേണമെങ്കിൽ ശിവശങ്കരന്റെ സസ്പെൻഷൻ നീട്ടാമായിരുന്നു. നിയമപരമായി സർക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാൽ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ളക്കളികളിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പല തവണ ഉയർന്നുവന്നിരുന്നതാണ്. പ്രതികളുടെ മൊഴിയിൽ അത് സംബന്ധിച്ച് പരാമർശങ്ങളുമുണ്ട്. കൂട്ടുപ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സർക്കാർ ഇവിടെ കാട്ടിയിരിക്കുന്നതന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇനി സ്വപ്നസുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയിൽ തിരിച്ചെടുത്താൽ എല്ലാം ശുഭമാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
Content Highlights:return of Sivasankaran proves that it is a ploy with the Chief Minister says chennithala