തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കെതിരായ സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ജനങ്ങളോട് ഒരു ബാധ്യതയുമില്ലാതെയാണ് മുഖ്യമന്ത്രി സിൽവർ ലൈൻപദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പിണറായി വിജയൻ വാശി തുടർന്നാൽ യുദ്ധസമാനമായ സന്നാഹവുമായി പ്രതിപക്ഷം മുന്നോട്ട് പോകും. കോടതി വിധി പോലും മാനിക്കാതെ സ്ഥാപിച്ച കെ-റെയിൽ കല്ലുകൾ പിഴുതെറിയുമെന്നും സുധാകരൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശക്തമായ സമരപരിപാടികളുമായി കെ-റെയിലിനെതിരെ മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിന്റെ പ്രചാരണ പരിപാടികൾ ആരംഭിക്കും. കേരളം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രശ്നമാണ് സിൽവർ ലൈൻ. പദ്ധതി കടന്നുപോകുന്ന പ്രദേശത്ത് മാത്രമല്ല പ്രശ്നങ്ങളുള്ളത്. കാലഹരണപ്പെട്ട പദ്ധതിയാണ് നടപ്പിലാക്കാൻ പിണറായി ശ്രമിക്കുന്നത്. സിപിഎം -സിപിഐ അണികൾ പോലും പദ്ധതിക്ക് എതിരാണ്. ഇതൊന്നും കാണാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
പിണറായി വിജയൻ കമ്മീഷൻ മുന്നിൽക്കണ്ടാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിന് പണ്ടുകാലം മുതലേ കമ്മീഷൻ ഭയങ്കര ഇഷ്ടമാണെന്നും ലാവ്ലിൻ അഴിമതിക്കാലത്തുതന്നെ അത് തെളിഞ്ഞതാണെന്നും സുധാകരൻ പറഞ്ഞു. കെ-റെയിലിന് ബദൽ സാധ്യതകളുള്ളപ്പോൾ എന്തിനാണ് പിടിവാശിയെന്ന് മനസ്സിലാകുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, എതിർപ്പുകളെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുന്ന നിലപാടിലേക്ക് പോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവർക്ക് മെച്ചപ്പെട്ട പാക്കേജ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന് 1730 കോടി രൂപയും വീടുകളുടെ നഷ്ടപരിഹാരത്തിന്4460 കോടി രൂപയുംനീക്കിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: udf to protest strongly against k-rail says k sudhakaran