കൊച്ചി > നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് മുഹമ്മദ് സുഹൈലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണത്തിൽ ഇടപെടരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെ സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്, റുക്കിയ എന്നിവർക്ക് ജാമ്യം അനുവദിച്ചു.
രേഖകൾ പരിശോധിച്ചതിൽനിന്നും പ്രതിയുടെ കൃത്യം അതിക്രൂരമാണെന്ന് കോടതി വിലയിരുത്തി. സ്ത്രീധനത്തിന്റെ പേരിൽ ശാരീരികവും മാനസികവുമായ തുടർച്ചയായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കേസിൽ കക്ഷിചേർന്ന മൊഫിയയുടെ ബാപ്പ ബോധിപ്പിച്ചു. ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഭർതൃവീട്ടുകാർക്കും പൊലീസ് ഇൻസ്പെക്ടർക്കുമെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷമാണ് മൊഫിയ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.