ഷാര്ജ> 300 ടണ് മാലിന്യത്തില് നിന്ന് ശ്രമകരമായ ദൗത്യത്തിലൂടെ പേഴ്സ് കണ്ടെത്തി. രാത്രി പത്തുമണിയോടെ ഫിലിപ്പിനോ ആരോഗ്യപ്രവര്ത്തക ജോലി കഴിഞ്ഞു വരുമ്പോള് മാലിന്യങ്ങള് ചവറ്റുകുട്ടയില് നിക്ഷേപിക്കുന്നതിനിടെ പണം, ബാങ്ക് കാര്ഡുകള് എമിറേറ്റ്സ് ഐഡി, മറ്റ് വ്യക്തിഗത രേഖകള് എന്നിവയടങ്ങുന്ന പേഴ്സ് അബദ്ധവശാല് മാലിന്യ പെട്ടിയില് വലിച്ചെറിയുകയായിരുന്നു.
പിറ്റേ ദിവസം കാലത്താണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്ന്ന്, മാലിന്യസംസ്കരണ കമ്പനി മാനേജര് ലൂയി ഗാബിലഗോണിനെ ഫോണില് ബന്ധപ്പെടുകയും വിവരം ധരിപ്പിക്കുകയും ചെയ്തു. മാലിന്യം നിറച്ച ട്രക്ക് പ്രത്യേകമായി ലൊക്കേറ്റ് ചെയ്തു തിരച്ചില് നടത്തുകയും 300 ടണ് മാലിന്യത്തില് നിന്ന് ഒടുവില് പേഴ്സ് കണ്ടെത്തുകയുമായിരുന്നു.
വൈക്കോല് കൂനയില് നിന്ന് സൂചി കണ്ടെത്തുന്നതു പോലെ ശ്രമകരമായിരുന്നു ഈ ദൗത്യമെന്ന് മാലിന്യസംസ്കരണ കമ്പനി മാനേജര് ലൂയിയും പ്രതികരിച്ചു.