സിൽവർ ലൈൻ പദ്ധതിക്ക് 13,265 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. 1730 കോടി രൂപ പുനരധിവാസത്തിന് നൽകും. 4460 കോടി രൂപ വീടുകൾക്കായി മാറ്റിവെക്കും. പദ്ധതി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായി ചേർന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാക്കേജ് പ്രഖ്യാപിച്ചത്. വീട് നഷ്ടപ്പെടുകയോ ഭൂമി നഷ്ടപ്പെടുകയോ ചെയ്താൽ അതിദാരിദ്രരായ ആളുകൾക്കടക്കമുള്ളവർക്ക് എത്ര രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ പുറത്തിറക്കിയ പുനരധിവാസ പാക്കേജ്.
പദ്ധതിയുടെ ഭാഗമായി വീടും വാസസ്ഥലം നഷ്ടമാകുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരമായി 1.6 ലക്ഷം രൂപയും ലൈഫ് മാതൃകയിലുള്ള വീടും നൽകും. മൂന്ന് പാക്കേജുകളായിട്ടാണ് സർക്കാർ രംഗത്തുവന്നത്. നഷ്ടപരിഹാര തുകയ്ക്ക് പുറമെ അഞ്ച് സെൻ്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീട്, നഷ്ടപരിഹാര തുകയ്ക്ക് പുറമെ അഞ്ച് സെൻ്റ് സ്ഥലവും നാല് ലക്ഷം രൂപയും, നഷ്ടപരിഹാരതുകയ്ക്ക് പുറമെ 10 ലക്ഷം രൂപ എന്നിങ്ങനെ മൂന്ന് നിർദേശങ്ങളാണ് സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്.
താമസസ്ഥലം നഷ്ടമാകുന്ന വാടക താമസക്കാർക്ക് 30,000 രൂപ നൽകും. കാലിത്തൊഴുത്തുകൾ നഷ്ടമാകുകയാണെങ്കിൽ 25,000 രൂപ മുതൽ 50,000 രൂപവരെ നഷ്ടപരിഹാരമായി നൽകും. വാണിജ്യസ്ഥാപനം നഷ്ടമാകുന്ന ഭൂവുടമകൾക്ക് വിപണി വിലയുടെ ഇരട്ടിവരുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേ 50,000 രൂപ നൽകും. വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവർക്ക് രണ്ട് ലക്ഷം രൂപയും പാക്കേജിൻ്റെ ഭാഗമായി നൽകും.
തൊഴിൽ നഷ്ടപ്പെടുന്ന സ്വയം തൊഴിൽക്കാർ, ചെറുകിട കച്ചവടക്കാർ, കരകൗശല പണിക്കാർ എന്നിവർക്ക് 50,000 രൂപയും പ്രത്യേക സഹായമായി നൽകും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മാസം 6,000 രൂപ വീതം നൽകും. പൊട്ടിക്കടക്കാർക്ക് 25,000 രൂപ മുതൽ 50,000 രൂപവരെ സഹായമായി നൽകും. പുറമ്പോക്ക് ഭൂമിയിലെ താമസക്കാർ അല്ലെങ്കിൽ കച്ചവടം നടത്തുന്നവർക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലയ്ക്ക് 5000 രൂപവീതം ആറ് മാസം നൽകുന്ന നൽകുന്ന പദ്ധതിയും പാക്കേജിൻ്റെ ഭാഗമായുണ്ട്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേർത്ത മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും മാധ്യമമേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായാണ് പദ്ധതിയുടെ പുനരധിവാസ പാക്കേജ് സർക്കാർ പുറത്തുവിട്ടത്. സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. അതിരടയാളക്കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യപഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലാണ് ആദ്യപഠനം.