തിരുവനന്തപുരം: ബിജെപിക്ക് രാഷ്ടീയ ബദൽ ആര് എന്ന വിഷയത്തിൽ സിപിഎം-സിപിഐ മുഖപത്രങ്ങൾ തമ്മിൽ തർക്കം. സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻകോൺഗ്രസിന് കഴിയുന്നില്ലെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ദേശവ്യാപക സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസെന്നും രാജ്യത്ത് രാഷ്ട്രീയ ബദലുണ്ടാക്കാൻ കോൺഗ്രസ് അനിവാര്യമാണെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറഞ്ഞു. ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെന്നും ജനയുഗം പറയുന്നു.
കോൺഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണെന്നാണ് ജനയുഗത്തിന്റെ മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷത, പാർലമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ ബദലിൽ കോൺഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമല്ല നിഷ്പക്ഷമതികൾപോലും പരക്കെ അംഗീകരിക്കുന്ന യാഥാർത്ഥ്യമാണ്. എന്നാൽ അത്തരം ഒരു ബദൽ സംവിധാനത്തിന്റെ സാമ്പത്തിക നയപരിപാടികളെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമല്ല കോൺഗ്രസിലെതന്നെ ഗണ്യമായ ഒരു വിഭാഗത്തിനും വ്യത്യസ്ത അഭിപ്രായവും വിമർശനവുമുണ്ടെന്നും ജനയുഗം പറയുന്നു.
വ്യത്യസ്ഥ ചരിത്ര പാരമ്പര്യവും പ്രത്യയശാസ്ത്ര കാഴ്ചപ്പാടും നയസമീപനങ്ങളുമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഒരു പൊതുവേദി എന്ന ആശയം ഇന്ത്യയെപ്പോലെ വിപുലവും വൈവിധ്യവുമാർന്ന രാജ്യത്ത് ലളിതവും സുഗമവും ആയിരിക്കില്ലെന്നും ജനയുഗം പറയുന്നുണ്ട്. ബിജെപിയുടെ വലതുപക്ഷ ഫാസിസ്റ്റ് നിലപാടുകളെ നിശിതമായി എതിർക്കുന്ന പ്രാദേശിക പാർട്ടികളെയും അവരുടെ ശക്തിയും സ്വാധീനവും പ്രസക്തിയും ഒരു ദേശീയ ബദലിന് അവഗണിക്കാവുന്നതല്ല. രാജ്യത്തെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാർട്ടികളുടെ ശക്തി ദൗർബല്യങ്ങൾ അവഗണിച്ചുകൊണ്ട് ദേശീയതലത്തിൽ അവയുടെ നേതൃത്വത്തിൽ ഇന്നത്തെ നിലയിൽ ഒരു രാഷ്ട്രീയ ബദൽ അസാധ്യമാകുമെന്നും ജനയുഹം പറയുന്നു.
എന്നാൽ, സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് ആ പാർടിയുടെ തകർച്ചയിലേക്കും നയിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. അധികാരം തേടിപ്പോകുന്ന നേതാക്കൾ ഒന്നിനുപിറകെ ഒന്നായി ബിജെപിയിൽ ചേക്കേറി. കോൺഗ്രസിന്റെ ഈ സമീപനം മതനിരപേക്ഷ ചിന്താഗതിക്കാർക്ക് അംഗീകരിക്കാനായില്ല. അത്തരം ചിന്താഗതിക്കാർ കോൺഗ്രസ് വിട്ട് അതത് സംസ്ഥാനത്തെ പ്രധാന പ്രാദേശിക കക്ഷികളിലേക്ക് ചേക്കേറി. സംസ്ഥാന തലത്തിൽ മതനിരപേക്ഷ ബദലുകളെ രൂപപ്പെടുത്തുകയെന്ന ആശയം സിപിഎം മുന്നോട്ടുവയ്ക്കുന്നത് ഈ രാഷ്ട്രീയ സാഹചര്യത്തെ കണക്കിലെടുത്തുകൊണ്ടാണെന്നും കോടിയേരി പറയുന്നു.
വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനു പകരം അവയെ രാഷ്ട്രീയ നേട്ടത്തിനായി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. വർഗ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ വലതുപക്ഷം വർഗീയ ശക്തികളുമായി കൈകോർക്കുന്ന സ്ഥിതിയാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ കേന്ദ്ര സർക്കാർ ഹനിക്കുമ്പോൾ അവക്കെതിരായി ഒരക്ഷരം ഉരിയാടാൻ യുഡിഎഫ് തയ്യാറായിട്ടില്ല. കേന്ദ്ര ഏജൻസികളുടെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യത്തെമ്പാടും കോൺഗ്രസ് പ്രചാരണം നടത്തുമ്പോഴും കേരളത്തിൽ ഇവർക്ക് അത് ബാധകമല്ല. ഇപ്പോൾ കേരളത്തിന്റെ വികസനപദ്ധതികളെ പ്രതിരോധിക്കുന്നതിനും ഇവർ യോജിച്ചുമുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights:Janayugam and Deshabhimani have different views about Congress