കുമളി > കേരളത്തിലെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള നീക്കമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ അണിനിരത്തി വികസനവിരുദ്ധരെ ഒറ്റപ്പെടുത്തും.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ ഒരു വികസനവും നടപ്പാക്കാൻ അനുവദിക്കില്ലെന്നതാണ് യുഡിഎഫിന്റെയും ബിജെപിയുടെയും നിലപാട്. അതാണ് കെ റെയിൽ അടക്കമുള്ള പദ്ധതികളെ തുരങ്കംവയ്ക്കുന്നത്. ഭൂരിപക്ഷം ജനങ്ങളും പദ്ധതിക്ക് അനുകൂലമാണ്. എതിർപ്പുകൾ രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയാണെന്ന് മനസ്സിലാക്കിയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
കേരളീയ സമൂഹത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റി ഇത്തരം വെല്ലുവിളികളെ പ്രതിരോധിക്കും. സാമൂഹ്യപുരോഗതിയിൽ രാജ്യത്ത് മുന്നിലുള്ള കേരളത്തെ വികസനത്തിൽ ഒന്നാമത് എത്തിക്കാനാണ് തുടർഭരണത്തിലൂടെ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ഇതിന് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാകണം.
രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കുമേൽ സംഘപരിവാർ ആക്രമണം വർധിക്കുകയാണ്. ക്രിസ്മസിനോട് അനുബന്ധിച്ച് 12 സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങൾക്കുനേരെ നടന്ന ആക്രമണം ആർഎസ്എസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ കേരളത്തിൽ ബിജെപി നേതാക്കൾ ബിഷപ്പുമാരെയും മോദി വത്തിക്കാനിലെത്തി മാർപ്പാപ്പയെയും സന്ദർശിക്കുന്നത് ഇരട്ടത്താപ്പാണ്.
ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവന ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ്. ഒരു കോൺഗ്രസ് നേതാവും പ്രസ്താവനയെ തള്ളിപ്പറഞ്ഞില്ല. കോൺഗ്രസിന് ഒരിക്കലും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാകില്ലെന്നതിന്റെ തെളിവാണ് പ്രസ്താവനയെന്നും കോടിയേരി പറഞ്ഞു.