തിരുവനന്തപുരം > ബസ് ചാർജ് വർധനയിൽ ഈ മാസം അന്തിമ തീരുമാനമുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ധന വിലവർധനയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുടമകളും പ്രതിസന്ധി നേരിടുന്നു. മുഖ്യമന്ത്രിയുമായി ആലോചിച്ച് നിരക്കിൽ എല്ലാവർക്കും തൃപ്തികരമായ വിധം തീരുമാനമെടുക്കും. കെഎസ്ആർടിസിയുടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്ന പദ്ധതിയുടെ ധാരണപത്രം ഒപ്പിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നഗരങ്ങളിലോടുന്ന കെഎസ്ആർടിസി വാഹനങ്ങൾ ഇലക്ട്രിക് ബസുകളാക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസുകൾ ഇ ബസുകളാക്കും. 50 ഇലക്ട്രിക് ബസ് വാങ്ങുന്നതിന് ടെൻഡർ വിളിച്ചു. ഗ്രാമങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ ഏപ്രിൽമുതൽ ഗ്രാമവണ്ടി സർവീസ് ആരംഭിക്കും. കെഎസ്ആർടിസിയുടെ മുഖം വികൃതമാക്കാന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം വികാസ് ഭവൻ, തൊടുപുഴ, വൈക്കം, മലപ്പുറം ഡിപ്പോകളിലാണ് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനുമായി ചേർന്ന് പൊതുജനങ്ങൾക്ക് കൂടി ഇന്ധനം നിറയ്ക്കാനാകുന്ന പമ്പുകൾ ആരംഭിക്കുന്നത്. നേരത്തേ ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന് എട്ട് പമ്പ് ആരംഭിച്ചിരുന്നു.