തിരുവനന്തപുരം > കെപിസിസി ആസ്ഥാനത്തെ ഓഫീസിൽ കൂട്ടപ്പിരിച്ചുവിടൽ. കെ സുധാകരൻ അധ്യക്ഷനായശേഷം കോവിഡ് മറയാക്കിയാണ് അരനൂറ്റാണ്ടോളംവരെ സർവീസുള്ള ജീവനക്കാരെ ആനുകൂല്യങ്ങളൊന്നും കൊടുക്കാതെ പിരിച്ചുവിടുന്നത്. കണ്ണൂരിൽ നിന്നടക്കം സുധാകരൻ കൊണ്ടുവരുന്ന പുതിയ ജീവനക്കാരെ നിയമിക്കാനാണ് പിരിച്ചുവിടലെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ളവർതന്നെ ആരോപിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ സ്വയംവിരമിക്കുന്നതായി എഴുതിനൽകി പിരിഞ്ഞുപോകണമെന്നാണ് സുധാകരന്റെ നോട്ടീസ്. മുപ്പതോളം ജീവനക്കാരിൽ ഭൂരിപക്ഷത്തിനും നോട്ടീസ് നൽകി. പിരിച്ചുവിട്ടാൽ കുടുംബം പട്ടിണിയിലാകുമെന്നു പറഞ്ഞ ആറു പേരെയും പിരിച്ചുവിട്ടു.
മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരിക്കെ ജീവനക്കാർക്ക് ശമ്പളം വർധിപ്പിച്ചിരുന്നു. പാർടി ഫണ്ട് അക്കൗണ്ടിൽ മൂന്നരക്കോടി രൂപ ബാക്കിയിടുകയും ചെയ്തിരുന്നു. ഈ ഫണ്ട് തീർന്നെന്നും ശമ്പളം നൽകാൻ നിർവാഹമില്ലാത്ത സ്ഥിതിയാണെന്നുമാണ് ജീവനക്കാരെ ധരിപ്പിച്ചിട്ടുള്ളത്.
എന്നാൽ, ഇത് സുധാകരന്റെ തന്ത്രമാണെന്ന് പറയുന്നു. ഫണ്ട് ശേഖരിക്കാൻ ബുദ്ധിമുട്ടില്ലാത്ത സുധാകരൻ നിലവിലുള്ള ജീവനക്കാരെ പൂർണമായും ഒഴിവാക്കി സ്വന്തം സംഘത്തെ ഓഫീസിൽ വാഴിക്കാനാണ് നീക്കമെന്നും നേതാക്കൾ പറയുന്നു. സുധാകരൻ നേരിട്ട് യോഗം വിളിച്ചുചേർത്താണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.