കൊച്ചി > പുതുവർഷത്തിലെ ആദ്യ വ്യാപാരദിനത്തിൽ ഓഹരിവിപണി കുതിച്ചു. രണ്ടാഴ്ചയ്ക്കിടയിലെ ഉയർന്ന നിലവാരം കുറിച്ച ബിഎസ്ഇ സെൻസെക്സ് 59,000വും എൻഎസ്ഇ നിഫ്റ്റി 17,600ഉം കടന്നു. വ്യാപാരദിനത്തിൽ 59,266 വരെ ഉയർന്ന സെൻസെക്സ് 929.40 പോയിന്റ് നേട്ടത്തോടെ 59183.22ലും 17,647. 44ൽ എത്തിയ നിഫ്റ്റി 271.70 പോയിന്റ് ഉയർന്ന് 17625.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 1.60 ശതമാനവും നിഫ്റ്റി 1.57 ശതമാനവുമാണ് നേട്ടം കൈവരിച്ചത്.
രാജ്യത്തെ മികച്ച ജിഎസ്ടി വരുമാനവും ഉൽപ്പാദനമേഖലയിലെ പിഎംഐ 50നുമുകളിൽ നിൽക്കുന്നതുമാണ് പ്രധാനമായും നിക്ഷേപകരെ സ്വാധീനിച്ചത്. ചിപ്പ് ക്ഷാമത്തിന് പരിഹാരമാകുന്നതോടെ നാലാംപാദത്തിൽ വാഹനവിൽപ്പന ഉയർന്നേക്കുമെന്ന പ്രതീക്ഷ ഓട്ടോ ഓഹരികൾക്കും തുണയായി. നിഫ്റ്റിയിൽ ബാങ്ക് സൂചിക 2.65 ശതമാനവും സ്വകാര്യ ബാങ്ക് 2.72 ശതമാനവും ഓട്ടോ 1.62 ശതമാനവും ഉയർന്നു. മെറ്റൽ 1.93 ശതമാനം മുന്നേറി.
കോൾ ഇന്ത്യ ഓഹരി 6.33, ഫെഡറൽ ബാങ്ക് 5.06, ഐഷർ മോട്ടോർസ് 4.90 ശതമാനംവീതം നേട്ടമുണ്ടാക്കി. ബജാജ് ഫിൻസെർവ് (3.51), ബജാജ് ഫിനാൻസ് (3.47), ഐസിഐസിഐ ബാങ്ക് (3.32), ടാറ്റാ മോട്ടോർസ് (3.15), ടാറ്റാ സ്റ്റീൽ (2.79), എസ്ബിഐ (2.25), റിലയൻസ് (1.51), മാരുതി സുസുകി (1.31) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു ചില പ്രധാന ഓഹരികൾ. സിപ്ല, കോൾഗേറ്റ്, ഡോ. റെഡ്ഡീസ് ലാബ് ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.