ജൊഹന്നസ്ബർഗ് > ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ് ലോകേഷ് രാഹുലിന്റെ അർധ സെഞ്ചുറി (50). 46 റണ്ണടിച്ച് ആർ അശ്വിൻ. ബാറ്റിങ്ങിൽ മറ്റാരും തിളങ്ങാതിരുന്നപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പേസർമാർക്ക് മുന്നിൽവിറച്ച ഇന്ത്യ 202 റണ്ണിന് പുറത്ത്. ആദ്യദിവസം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക 1–35 റണ്ണെടുത്തു.
ആദ്യ ടെസ്റ്റിലെ വിജയം നൽകിയ ആത്മവിശ്വാസം ആവിയായപ്പോൾ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടു. പരിക്കേറ്റ ക്യാപ്റ്റൻ വിരാട് കോഹ്ലി പിൻവാങ്ങിയത് കളത്തിൽ ഇറങ്ങുംമുമ്പുള്ള തിരിച്ചടിയായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാഹുലും മായങ്ക് അഗർവാളും കരുതലോടെയാണ് തുടങ്ങിയത്. മായങ്ക് 26 റണ്ണിന് പുറത്തായി. ചേതേശ്വർ പൂജാരയും (33 പന്തിൽ 3) അജിൻക്യ രഹാനെയും (ആദ്യ പന്തിൽ പുറത്ത്) ഒരിക്കൽക്കൂടി പരാജയമായപ്പോൾ ടീം പ്രതിസന്ധിയിലായി. തുടരെയുള്ള ഫോമില്ലായ്മ ഇരുവരുടെയും ഭാവി ഇരുട്ടിലാക്കി.
ഹനുമ വിഹാരിക്കും (20) ഋഷഭ് പന്തിനും (17) സാധിക്കാത്തത് സ്പിന്നറായ അശ്വിൻ ബാറ്റ്കൊണ്ട് ചെയ്തു. 50 പന്ത് നേരിട്ട് ആറ് ഫോറിന്റെ അകമ്പടിയോടെയാണ് അശ്വിൻ സ്കോർ ഉയർത്തിയത്. ജസ്പ്രീത് ബുമ്ര 11 പന്തിൽ പുറത്താകാതെ 14 റണ്ണടിച്ചത് സ്കോർ 200 കടക്കാൻ ഉപകരിച്ചു. രണ്ട് ഫോറിനൊപ്പം ബുമ്ര ഇന്നിങ്സിലെ ഏക സിക്സറും കണ്ടെത്തി. ശർദുൾ താക്കൂർ റണ്ണെടുക്കാതെ മടങ്ങി.
നാല് വിക്കറ്റെടുത്ത മാർകോ ജാൻസണാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. കഗീസോ റബാദയും ഡുവാന്നെ ഒളിവിയറും മൂന്ന് വിക്കറ്റുവീതം വീഴ്ത്തി.