കൊച്ചി: രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഗവർണർ തന്നെ വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല. പറഞ്ഞ കാര്യങ്ങളിൽഉറച്ചു നിൽക്കുന്നു. താൻ ഉന്നയിച്ച കാര്യങ്ങൾ ഗവർണർ നിഷേധിച്ചിട്ടില്ല. രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചു എന്ന ഗവർണറുടെ ആരോപണത്തോട് മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. അദ്ദേഹം അപകടകരമായ മൗനം പാലിക്കുകയാണ്. അതിനർത്ഥം താൻ ഉന്നയിച്ച ചോദ്യങ്ങളിൽ വസ്തുതകൾ ഉള്ളത് കൊണ്ടാണോയെന്ന് മുഖ്യമന്തി വ്യക്തമാക്കണം. സർവകലാശാലകളുടെ സ്വയംഭരണാധികാരത്തിൽ സർക്കാർ അനാവശ്യമായി ഇടപെടുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ടാണ് കേരള സർവകലാശാല വൈസ് ചാൻസലർ ഇക്കാര്യത്തിൽ പ്രതികരിക്കാത്തത്. വൈസ് ചാൻസലറുടെ മൗനം ദുരൂഹമാണ്. തെറ്റായ നടപടിക്ക് നിർബന്ധിതനായെന്ന് ഗവർണർ പരസ്യമായി പറഞ്ഞിട്ടും എന്തുകൊണ്ടാണ് ആ വൈസ് ചാൻസലറെ പുറത്താക്കാൻ തയാറാകാത്തത്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാണ്. സർവ്വകലാശാലകളുടെ വിശ്വാസ്യത തകരുന്നു. കാലടി സർവകലാശാല ഓണററി ഡി. ലിറ്റ് കൊടുക്കാൻ തീരുമാനിച്ചവർക്ക് ഇതുവരെ കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
കേരള പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായി. കേരളത്തിലെ പോലീസ് തോന്നിയപോലെ പ്രവർത്തിക്കുന്നു. ആർക്കും ഒരു നിയന്ത്രണവുമില്ല. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു. നിരപരാധികളെ ആക്രമിക്കുന്നു. എന്തുചെയ്താലും ആരും ചോദിക്കാനില്ലാത്ത അവസ്ഥയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വർഷവും പിണറായി സർക്കാരിനെതിരായ ശക്തമായ പോരാട്ടം നയിച്ചത് താനായിരുന്നു. ഇനിയും അത് തുടരുമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമങ്ങൾ പോലും തന്നെ ബന്ധപ്പെടുന്നുണ്ട്. താൻ ഉന്നയിച്ച കാര്യങ്ങൾ ദേശീയ പ്രാധാന്യമുള്ളതാണ്. മുഖ്യമന്ത്രിക്ക് ഇതിനു മറുപടി പറയാനുള്ള ബാധ്യതയുണ്ട്. വസ്തുതകൾ അറിയാൻ വേണ്ടിയാണ് ആറ് ചോദ്യങ്ങൾ ഉന്നയിച്ചത്. അറിയാനുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്. കഴിഞ്ഞ അഞ്ച് വർഷവും താൻ നടത്തിയത് ഒറ്റയാൾ പോരാട്ടമായിരുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു. തനിക്ക് ആരോടും അഭിപ്രായ വ്യത്യാസമില്ല. പൊതുസമൂഹത്തിനു ഗുണകരമാകുന്ന വിഷയങ്ങൾ ഉന്നയിക്കാൻ പൊതുപ്രവർത്തകർ ബാധ്യസ്ഥരാണെന്നും ചെന്നിത്തല ചോദ്യങ്ങളോട് പ്രതികരിച്ചു.