കോഴിക്കോട്: തകരാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തിയ സംഭവത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കെതിരേ നടപടി. പിഡ്ബ്ല്യുഡി കുന്ദമംഗലം സെക്ഷൻ എൻജിനീയർ ജി. ബിജു, ഓവർസിയർ പി.കെ. ധന്യ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഉത്തരവിനെ തുടർന്ന്എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചത്. കോഴിക്കോട് കുന്ദമംഗംലം-മെഡിക്കൽ കോളേജ് റോഡിൽ ഒഴുക്കരയിൽ കുഴികളൊന്നുമില്ലാത്ത റോഡിൽ 17 മീറ്റർ സ്ഥലത്ത് ടാറിങ് നടത്തിയ സംഭവത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തകരാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതുകണ്ട് നാട്ടുകാർ സംഘടിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് അറ്റകുറ്റപ്പണി നിർത്തിവെക്കുകയും പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു. വാർത്ത പുറത്തായതോടെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിക്കുകയും ചീഫ് എൻജിനീയറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
കരാറുകാരന് സ്ഥലം മാറിപ്പോയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. റോഡിൽ കുഴി ഉണ്ടെന്ന് പറഞ്ഞാണ് കരാറുകാരൻ പണി ആരംഭിച്ചത്. എന്നാൽ ഇത് പണംതട്ടാൻ വേണ്ടി ഉദ്യോഗസ്ഥർ ഉൾപ്പടെ അറിഞ്ഞുകൊണ്ടുള്ള നടപടിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മൂന്ന് വർഷം മുൻപ് ടാർ ചെയ്ത റോഡാണെന്നും അഴിമതി നടത്താൻ വേണ്ടിയാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു.