ആലപ്പുഴ
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. ആലപ്പുഴ മുല്ലാത്ത് വാർഡിൽ ഷീജ മൻസിലിൽ സുഹൈൽ (24), കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ എന്നിവരാണ് അറസ്റ്റിലായത്.
പ്രധാന പ്രതികളിലൊരാളെ രക്ഷപ്പെടാൻ സഹായിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് സുഹൈൽ അറസ്റ്റിലായത്. ആലപ്പുഴ ഡിവൈഎസ്പി എൻ ആർ ജയരാജ്, ആലപ്പുഴ സൗത്ത് സിഐ എസ് അരുൺ, സൈബർ സിഐ എം കെ രാജേഷ് ഉൾപ്പെട്ട അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികളിൽനിന്ന് ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ മുഖ്യപ്രതികളടക്കമുള്ളവരുടെ പേരുവിവരങ്ങൾ പൊലീസ് ഇനിയും പുറത്തുവിട്ടിട്ടില്ല.
ആറുബൈക്കുകളിലായി 12പേരാണ് രഞ്ജിത്ത് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. ഷാൻവധക്കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട രണ്ടുപേർകൂടി പിടിയിലാകാനുണ്ട്.