തിരുവനന്തപുരം> ബിജെപിയെ എതിർക്കുന്നതിൽ രാജ്യത്താകെ ഇടതുപക്ഷം മുന്നിലുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസ് ദുർബലമാകുന്ന സംസ്ഥാനത്തെല്ലാം പകരം ഇടതുപക്ഷംതന്നെ വരണമെന്നില്ല. മറ്റു പലരും വരും. അതാണ് ബിനോയ് വിശ്വം പറഞ്ഞത്. മറ്റു വ്യാഖ്യാനങ്ങൾ മാധ്യമങ്ങളുടേതാണ്. മുഖ്യമന്ത്രി പറഞ്ഞത് സിപിഐ എം നിലപാടാണ്. രണ്ടു പാർടിക്കും വ്യത്യസ്ത നിലപാടുണ്ടാകാം. അതിനാലാണ് രണ്ടു പാർടിയായി നിൽക്കുന്നതെന്നും കാനം പറഞ്ഞു.
കെ–-റെയിൽ പദ്ധതിയിലെ ആശങ്ക ദൂരീകരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. പൊലീസിനെതിരെ എല്ലാക്കാലത്തും വിമർശമുയരാറുണ്ട്. അവരുടെ എല്ലാ നടപടിയും ആഭ്യന്തര വകുപ്പോ മന്ത്രിയോ അറിയണമെന്നില്ല. തെറ്റ് ചെയ്യുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കുന്നു.
സർവകലാശാല സ്വയംഭരണ സ്ഥാപനമാണ്. ഡി ലിറ്റ് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർവകലാശാലയാണ്. ആദരം ശുപാർശ ചെയ്ത് വാങ്ങിക്കേണ്ടതല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു കാനം മറുപടി നൽകി.