കട്ടപ്പന: കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി തോമസിന്റെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തിലെ അമ്മയുടെ കല്ലറയിൽ അടക്കം ചെയ്തു. പി.ടി തോമസിന്റെ അന്ത്യാഭിലാഷം പ്രകാരമായിരുന്നു ചടങ്ങുകൾ.
വൈകിട്ട് നാലരയോടുകൂടിയാണ് അദ്ദേഹത്തിന്റെ ചിതാഭസ്മ സ്മൃതിയാത്ര ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തിൽ എത്തിച്ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളാണ് സ്മൃതിയാത്രക്ക് നേതൃത്വം നൽകിയത്. തുടർന്ന് കുടുംബാംഗങ്ങൾ കോൺഗ്രസ് നേതാക്കളിൽ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി.
സെന്റ് ജോസഫ് ദേവാലയത്തിന് മുന്നിൽ തയ്യാറാക്കിയ പന്തലിൽ ചിതാഭസ്മം കുറച്ചുനേരംവെച്ചു. കാത്തു നിന്നവർ ആദരം അർപ്പിച്ച ശേഷം കുടുംബ കല്ലറയ്ക്ക് സമീപത്തേക്ക് ചിതാഭസ്മം കൊണ്ടുവന്നു. തുടർന്ന് ചിതാഭസ്മം അടങ്ങിയ മൺകുടം കല്ലറയിൽ അടക്കം ചെയ്തു.
ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കംചെയ്യണമെന്ന പി.ടി തോമസിന്റെ അന്ത്യാഭിലാഷത്തോട് ഇടുക്കി രൂപതയും അനുകൂലമായാണ് പ്രതികരിച്ചത്. ചടങ്ങിനു വേണ്ട ക്രമീകരണങ്ങൾ പള്ളി അധികൃതർ ചെയ്തിരുന്നു.ചടങ്ങിന് രൂപത നൽകിയ നിർദേശങ്ങൾ കോൺഗ്രസ് പ്രവർത്തകരും കൃത്യമായി പാലിച്ചു.
Content Highlights: PT Thomas