തിരുവനന്തപുരം: കിള്ളിപ്പാലത്ത് പിആർഎസ് ആശുപത്രിക്ക് സമീപമുണ്ടായ വൻ തീപ്പിടത്തത്തിൽ ആളപായമില്ല. ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ആക്രി ഗോഡൗണിൽ തീ പടർന്നത്ഉച്ചയോടെയാണ് ശ്രദ്ധയിൽ പെട്ടത്. രണ്ടര മണിക്കൂർ പരിശ്രമിച്ചതിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. കനത്ത പുകയും തീയും ഉയർന്നതോടെ ആദ്യമെത്തിയ അഗ്നിശമന സേനാ യൂണിറ്റിന് ഇത് നിയന്ത്രിക്കാനായില്ല.
തുടർന്ന് കൂടുതൽ ഫയർ യൂണിറ്റുകളും പോലീസും രംഗത്തുവന്നു. അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീ പടരാൻ ആരംഭിച്ചെങ്കിലും സമീപ കെട്ടിടങ്ങളിലേക്ക് തീയെത്താതെ തടയാൻ നടത്തിയ ശ്രമം വിജയിച്ചതോടെ തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിലായി. തീപ്പിടിത്തത്തെ തുടർന്ന് പരിസരത്തെ കെട്ടിടങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ രംഗത്തെത്തിയിട്ടും തീ കത്തുന്നത് തടയാൻ സാധിച്ചിരുന്നില്ല. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ അഗ്നിശമന യൂണിറ്റും തീയണയ്ക്കാനായി സഹായത്തിനെത്തി. എല്ലാവരും ചേർന്ന് രണ്ടരമണിക്കൂറോളം പരിശ്രമിച്ചതിനെ തുടർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സമീപത്തെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ തീപ്പൊരിയാണ് അപകടത്തിന് കാരണമെന്നാണ് തീപ്പിടിത്തമുണ്ടായ ഗോഡൗണിന്റെ ഉടമ പറയുന്നത്.ആക്രിസാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണായിരുന്നതിനാൽ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ ധാരാളമുണ്ടായിരുന്നു. ഇതിനൊപ്പം ചെറിയ കാറ്റും കനത്ത ചൂടും കൂടി ആയതോടെ തീ ആളിക്കത്തി.
കൂടാതെ, എല്ലാ ആഴ്ചയും എടുക്കുമായിരുന്ന ആക്രി സാധനങ്ങൾ കഴിഞ്ഞ ഒരു മാസമായി ഇവിടെ നിന്ന് നീക്കിയിരുന്നില്ല. ഇതും അപകടത്തിന്റെ തോത് കൂട്ടി.ഗോഡൗണിൽ ഉണ്ടായിരുന്ന പെയിന്റ് പാട്ടകൾ, പെർഫ്യൂം ബോട്ടിലുകൾ എന്നിവയും തീപ്പിടിത്തത്തിന്റെ വ്യാപ്തി കൂട്ടി.
സമീപത്തുള്ള പോസ്റ്റിൽ നിന്ന് തുടർച്ചയായി തീപ്പൊരി വീണുകൊണ്ടിരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ കെ.എസ്.ഇ.ബി ജീവനക്കാരെ വിവരം അറിയിച്ചിരുന്നു. അവർ വന്ന് ലൈൻ പരിശോധിക്കുന്നതിന് മുമ്പുതന്നെ തീ ഗോഡൗണിലേക്ക് ആളിപ്പടരുകയായിരുന്നു. ഗോഡൗണിൽ എൻജിൻ ഓയിൽ സൂക്ഷിച്ചിരുന്ന വീപ്പയിലേക്കാണ് തുടർച്ചയായി തീപ്പൊരി വീണുകൊണ്ടിരുന്നത്.പൊട്ടിത്തെറിയോടെയാണ് തീ വ്യാപിച്ചത്.
പിന്നീട് ആർക്കുമൊന്നും ചെയ്യാൻ സാധിക്കാത്ത വിധത്തിൽ തീയും പുകയും വ്യാപിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസും ഫയർ ഫോഴ്സും ശേഖരിക്കുന്നുണ്ട്. തീപ്പിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇത് ഉപയോഗിക്കും. മന്ത്രി വി. ശിവൻകുട്ടി, കലക്ടർ നവ്ജ്യോത് സിങ് ഘോസ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.