മനാമ> കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കാത്ത പൗരന്മാര്ക്ക് ഈ മാസം പത്തുമുതല് വിദേശയാത്ര അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം. ബൂസ്റ്റര് ഡോസ് അടക്കം മൂന്ന് ഡോസ് എടുത്തവര്ക്ക് മാത്രമാണ് യാത്രാ അനുമതി.
ആരോഗ്യപരമായ ഇളവുള്ളവര്ക്ക് നിയമം ബാധകമല്ല. കോവിഡ് കേസുകള് വര്ധിക്കുന്ന സാഹചര്യത്തില് പല രാജ്യങ്ങളും വരുന്നവര്ക്കും പോകുന്നവര്ക്കും നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും പൂര്ണ്ണമായും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ഡിസംബര് 24 വരെ 34 ശതമാനത്തിലധികം പേര്ക്ക് ബൂസ്റ്റര് ഡോസും ലഭിച്ചു.
നാഷണല് എമര്ജന്സി ക്രൈസിസ് ആന്ഡ് ഡിസാസ്റ്റര് മാനേജ്മെന്റ് അതോറിറ്റിയും വിദേശകാര്യ മന്ത്രാലയവും ചേര്ന്നാണ് യുഎഇയിലെ പുതിയ യാത്രാ ചട്ടങ്ങള് പ്രഖ്യാപിച്ചത്.
രാജ്യത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. പുതിയ നിയന്ത്രണം അവരെ ബാധിക്കില്ല.
യുഎഇയില് ഇതുവരെ 7,64,000ത്തിലധികം കൊറോണ വൈറസ് കേസുകളും 2,165 മരണങ്ങളും റിപ്പോര്ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി യുഎഇ ഉള്പ്പെടെ മിക്ക ഗര്ഫ് രാജ്യങ്ങളിലും കോവിഡ് കേസുകള് വര്ധിക്കുകയാണ്.